ഡല്‍ഹി:ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടി കുറ്റവാളികളുടെ പ്രായപരിധി 18ല്‍നിന്ന് 16 ആക്കുന്നതിന് ശുപാര്‍ശചെയ്യുന്ന ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. കുറ്റകൃത്യങ്ങളില്‍ എര്പ്പെടുന്ന 16 വയസ് പുര്ത്തിയായിട്ടുണ്ടെങ്കില് മുതിര്‍ന്നവരായി കണകാക്കി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വിചാരണ ചെയ്യും.ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
കുട്ടിയെന്ന നിലയിലുളള കുറ്റകൃത്യമാണോ അതല്ല മുതിര്‍ന്ന ആളെന്ന നിലയിലുളള കുറ്റകൃത്യമാണോ നടന്നതെന്ന് മനോരോഗ വിദഗ്ദനും സാമുഹിക വിദഗ്ദരും അടങ്ങുന്ന ബോര്‍ഡ് നിര്‍ണയിക്കുകയും തുടര്‍ന്ന് ബോര്‍ഡ് നിര്ണയിക്കുന്നതുപ്രകാരം പ്രതിയുടെ വിചാരണ ബാലകോടതിയിലാണോ സാധാരണ കോടതിയിലാണോ നടത്തുകയെന്നും തീരുമാനിക്കും.കുട്ടിയെന്ന നിലയിലുളള കുറ്റകൃത്യമാണെങ്കില്‍ ബാലനീതിനിയമപ്രകാരം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സംരക്ഷണവും കുറ്റം ചെയ്തവര്‍ക്ക് ലഭിക്കും.മറിച്ചാണെങ്കില്‍ സാധാരണ കോടതികളില്‍ വിചാരണ നടത്തി മുതിര്‍ന്നവര്‍ക്കുളള ശിക്ഷ ഉറപ്പുവരുത്തുന്നതാണ് നിയമഭേദഗതി.
ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും അനാഥക്കുട്ടികളെയും ദത്തു നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കാനും ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതിനായി ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സസ് അതോറിറ്റിക്ക് നിയമപരമായ പദവി നല്‍കും. നിയമവിരുദ്ധമായ ദത്തെടുക്കല്‍, ശിശുക്ഷേമ കേന്ദ്രങ്ങളിലെ പീഡനങ്ങള്‍, കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കല്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കെതിരായ കുറ്റങ്ങള്‍ തുടങ്ങിയവയ്ക്ക് എതിരായ നടപടികളും ഭേദഗതി ബില്ലിലുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കിരാതമായ അതിക്രമങ്ങള്‍ തടയാനും കുട്ടികളുടെ നീതി സംരക്ഷിക്കാനും ഒരുപോലെ സഹായകമാണ് ഭേദഗതി ബില്‍ എന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post