ആലപ്പുഴ: ആവേശം സിനിമയിലേത് പോലെ വാഹനത്തിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി കുളിച്ച സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരായ കേസ് ഇന്ന് കോടതിയ്ക്ക് കൈമാറും. ആലപ്പുഴ കോടതിയ്ക്കാണ് കേസ് കൈമാറുക. കേസിൽ കോടതിയാകും ഇനി തുടർ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ ദിവസമാണ് സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി കുളിച്ച സംഭവത്തിൽ ആർടിഒ കേസ് എടുത്തത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി കേസ് കോടതിയ്ക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. കാറിനുള്ളിൽ സഞ്ജുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്കെതിരെയും കോടതി നടപടി സ്വീകരിക്കും. സംഭവത്തിൽ ആർടിഒ കേസ് എടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളെയും ആർടിഒയെയും പരിഹസിച്ച് സഞ്ജുവും സുഹൃത്തുക്കളും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ഹൈക്കോടതി ഇടപെടൽ.
സംഭവത്തിൽ സഞ്ജുവിനെതിരെ കർശന നടപടി സ്വീകരിക്കാരാണ് സർക്കാരിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സമാന വകുപ്പുകൾ സുഹൃത്തുക്കൾക്കെതിരെയും ചുമത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
Discussion about this post