കൊച്ചി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍, രേഖകള്‍ കാണാനില്ലെന്നു മാത്രം കാണിച്ച് വിവരം നിഷേധിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവ് വരെ ശിക്ഷ ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.
ചട്ടപ്രകാരമുള്ള കാരണമില്ലാതെ രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിക്കുന്നത് 1993ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനമായി കണക്കാക്കി അഞ്ച് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
സൂക്ഷിക്കാനുള്ള കാലാവധി അവസാനിച്ച രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖ അത്തരത്തില്‍ ചട്ടപ്രകാരം നശിപ്പിച്ചതാണെന്ന് രേഖകള്‍ സഹിതം തെളിയിക്കാനായാല്‍ ഉദ്യോഗസ്ഥന് പ്രശ്‌നമുണ്ടാവില്ല. നിയമപരമായി ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്ന രേഖകളുടെ പട്ടിക അതത് വകുപ്പുകള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും പൊതുഭരണ വിഭാഗം സ്‌പെഷല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
ആവശ്യപ്പെട്ട ഫയല്‍ കാണാനില്ലെന്നത് വിവരാവകാശ നിയമത്തില്‍ അനുവദനീയമായ ഇളവല്ല. കാണാനില്ലെന്നു പറഞ്ഞ് രേഖ കൊടുക്കാതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം നിഷേധിക്കുന്നതിന് തുല്യമാവും.
Discussion about this post