പിണറായി വിജയന് മാത്രമേ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് തിരശ്ശീലയിടാന് സാധിക്കുകയുള്ളുവെന്ന് സാഹിത്യകാരന് എം മുകുന്ദന്. ആശ്രാമം സന്തോഷ് രചിച്ച അഷ്ടമുടിക്കായലും മയ്യഴിത്തുമ്പികളും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം അവസാനിപ്പിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മയ്യഴിയില്‍ എന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു പാലമുണ്ട്. അതിലേക്ക് കടക്കുമ്പോള്‍ ഇപ്പോള്‍ ഒരു ബോര്‍ഡുണ്ട്. അതില്‍ കൈയ്യും കാലും അറുത്ത് മുറിച്ച ഒരു യുവാവിന്റെ ചിത്രമുണ്ട്. അതില്‍ ഷുഹൈബ് എന്നെഴുതിയിരിക്കുന്നു. ഷുഹൈബിനെ ആര് കൊന്നുവെന്നതല്ല പ്രശ്നം. ഇങ്ങനെ യുവാവിനെ വെട്ടിമുറിച്ച് കൊന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വന്നുവല്ലോയെന്നതാണ് വിഷമം. ഓരോ ദിവസവും ഷുഹൈബിന്റെ ചിത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തോടെന്ന പോലെ എന്തെങ്കിലും ചെയ്യൂ എന്ന് മുഖ്യമന്ത്രി വിജയനോട് നിശബ്ദമായി പ്രാര്‍ത്ഥിക്കും’ -എം മുകുന്ദന് പറഞ്ഞു.
കൊലപാതകരാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ അത് വരും തലമുറകളെ ബാധിക്കുകയും നമ്മുടെ ഭാവി തന്നെ ക്രൂരമായിപ്പോവുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കണമെന്നും തന്റെ ഇടതുപക്ഷം മനുഷ്യത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദങ്ങള്‍ പോലും മറഞ്ഞു പോകുന്ന കാലത്ത് മനുഷ്യന്റെയും സമൂഹത്തിന്റെയും വേദനകളാണ് എഴുത്തുകാരന് ആവിഷ്കരിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Discussion about this post