കണ്ണൂർ: പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ശിക്ഷ വിധിക്കുന്നത് മാറ്റി കോടതി. വെള്ളിയാഴ്ചയാകും കോടതി ശിക്ഷ വിധിയ്ക്കുക. മാനന്തേരി സ്വദേശി ശ്യാംജിത്താണ് കേസിലെ പ്രതി.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഇന്ന് ശിക്ഷ വിധിയ്ക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
2022 ഒക്ടോബർ 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തനിച്ചായിരുന്ന വിഷ്ണു പ്രിയയെ വീട്ടിൽ അതിക്രമിച്ച് കടന്ന് കഴുത്ത് അറുത്ത് കൊലപ്പെടുത്തകയായിരുന്നു. ഇതിന് പിന്നാലെ ശ്യാംജിത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവ സമയം വിഷ്ണുപ്രിയ ആൺ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ മൊഴിയാണ് ശ്യാംജിത്തിനെ വേഗത്തിൽ പിടികൂടാൻ പോലീസിന് തുണയായത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
2023 സെപ്റ്റംബർ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ശ്യാംജിത്തിന്റെ ബൈക്കും വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും അന്വേഷണ സംഘം തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. സാക്ഷികളാണ് കേസിൽ ഉള്ളത്. സംഭവത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.
Discussion about this post