ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങിയതിനാണ് മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിലെ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷം ഇന്നലെ വൈകീട്ടോടെയായിരുന്നു മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് തന്നെ കേസുമായി ബന്ധപ്പെട്ട കുറ്റപത്രം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. 21 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി.
ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്‌ട്രേഷൻ നടത്തിയെന്നാണ് മാത്യു കുഴൽനാടനെതിരായ പരാതി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് പരാതി നൽകിയത്. 2021 ലായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും ആധാരത്തിൽ വില കുറച്ചു കാണിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
Discussion about this post