തിരുവനന്തപുരം: സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ഇടത് സൈബര്‍ പോരാളികളെയും പ്രൊഫഷണല്സുകളെയും ഉള്‍പ്പെടുത്തി 25 അംഗ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനം. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കുകയാണ് ഉദ്ദേശം. സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുമെന്ന് മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിച്ചാണ് ഖജനാവില്‍ നിന്ന് കോടികള്‍ പൊടിച്ചുള്ള പ്രചരണം നടക്കുക.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള് കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും ഇപ്പോഴുണ്ട്. സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പരയും മാധ്യമപരസ്യങ്ങളും വേറെ. . ഇതിനൊക്കെ പുറമെയാണു ഒരു വര്‍ഷം അഞ്ച് കോടിക്കടുത്ത് (പ്രതിമാസം 41 ലക്ഷം രൂപ ) ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുന്നത്.
പാര്‍ട്ടിയുടെ സൈബര്‍ പോരാളികളും ഫെയ്സ്ബുക്കിലെ ന്യായീകരണ പ്രമുഖരും കരാര്‍ നിയമനം തരപ്പെടുത്താന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്. കണ്ടന്റ് ഡവലപ്മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ന് വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷം രൂപ നല്കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രചാരണങ്ങള്‍ക്കും മറ്റുമായി സര്‍ക്കാരിനു കീഴില്‍ തന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പും അതില്‍ ആവശ്യത്തിനു ജീവനക്കാരുമുള്ളപ്പോഴാണു ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയുള്ള കരാര്‍ നിയമനം. മുണ്ടു മരുക്കിയുടത്ത് ചിലവ് കുറക്കണമെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്യുന്നതിന് പിറകെയാണ് കോടികള്‍ ചിലവിട്ട് പ്രചരണങ്ങള്‍ നടത്താനുള്ള നീക്കം നടക്കുന്നത്.
ബിജെപിയുടെ സൈബര്‍ വിംഗിന്റെ പകുതി പോലും ശക്തിയില്ല പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് എന്ന പരാതി ഈയിടെ ശക്തമായിരുന്നു. പാര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കാനോ, ആരോപണങ്ങല്‍ കൃത്യമായ മറുപടി നല്‍കാനോ സാധിക്കുന്നില്ല എന്നായിരുന്നു വിമര്‍ശനം. ഇതിന് തടയിടാന്‍ കൂടി ഉദ്ദേശിച്ചാണ് ജനങ്ങളുടെ പണം ഉപയോഗിച്ച് പുറത്തു നിന്നുള്ള ആളുകളെ പ്രചരണത്തിനായി ഇറക്കുന്നത്. പാര്‍ട്ടി നിലപാടുകള്‍ പ്രചരിപ്പിക്കാനും മറ്റും ഈ സംഘത്തെ ഉപയോഗിക്കാന്‍ കഴിയുമെന്നും ആരോപണം ഉണ്ട്.
Discussion about this post