കോയമ്പത്തൂര്‍: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തേക്കാണ് കോയമ്പത്തൂര്‍ കോടതി കസ്റ്റഡിയില്‍ വിട്ടത്. രൂപേഷിനേയും സംഘത്തേയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. പത്തു ദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്ന ശേഷം മാത്രമേ കേരള പോലീസിനു ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകൂ. തിങ്കളാഴ്ച വൈകീട്ട് പിടിയിലായ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ നേരത്തെ ജൂണ്‍ മൂന്ന് വരെ കോയമ്പത്തൂര്‍ സി.ജെ.എം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടിരുന്നു. കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിയിലെ ചായക്കടയില്‍നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, തങ്ങളെ ആന്ധ്രയിലെ വിന്ധ്യയില്നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും രാജ്യദ്രോഹകുറ്റം ചെയ്തിട്ടില്ലെന്നും രൂപേഷ് കോടതിയെ അറിയിച്ചു.
രാത്രി ഉറങ്ങാന്‍ പോലും സമ്മതിക്കാതെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായും രൂപേഷ് കോടതിയില്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരമാണ് (യു.എ.പി.എ) കേസെടുത്തിരിക്കുന്നത്.
Discussion about this post