പാര്‍ലിമെന്റില്‍ ഒരു 15 മിനിറ്റ് എന്നെ പ്രസംഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മോദി ഓടുന്നത് കാണാമെന്ന് രാഹുല്‍. നീരവ് മോദിയുടേതടക്കമുള്ള വിഷയങ്ങളില്‍ 15 മിനിറ്റ് തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓടിഒളിക്കുമെന്ന വാദവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദളിതര്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച ‘ഭരണഘടനയെ രക്ഷിക്കൂ’ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ‘രാജ്യം കത്തിയേക്കും, പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടേക്കും, ദളിതുകളും ന്യൂനപക്ഷങ്ങളും നിരന്തരഭീഷണി നേരിടുന്നുണ്ടാവും. എന്നാല്‍, മോദിക്ക് അതൊന്നും ഒരു പ്രശ്നമല്ല. അദ്ദേഹത്തിന് ഒറ്റ ചിന്തയേയുള്ളൂ, വീണ്ടും എങ്ങനെ പ്രധാനമന്ത്രിയാകാം എന്ന്’- രാഹുല്‍ കുറ്റപ്പെടുത്തി.
മോദിയുടെ ‘കര്‍മയോഗ’ എന്ന പുസ്തകത്തില്‍ മാലിന്യം നീക്കംചെയ്യുന്നതിനെ ന്യായീകരിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗമാരംഭിച്ചത്. ‘വാല്മീകി സമൂഹം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നത് അവരുടെ ജീവിതമാര്ഗത്തിനായല്ല. മറിച്ച് അവര്‍ക്ക് അതൊരു ആത്മീയാനുഭവമാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ദളിത് സമൂഹത്തോടുള്ള മോദിയുടെ മനോഭാവത്തിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ നിലപാട്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും മോദിയുടെ മനസ്സില്‍ സ്ഥാനമില്ല.’- രാഹുല്‍ കുറ്റപ്പെടുത്തി.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നായിരുന്നു നേരത്തേ മോദി പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് ബേട്ടി ബച്ചാവോ എന്നു മാത്രമായി. ആരില്‍ നിന്നാണ് സംരക്ഷിക്കേണ്ടത്? ബി.ജെ.പി.യില്‍നിന്നോ, ബി.ജെ.പി. എം.എല്‍.എ.മാരില്‍നിന്നോ?’- ഉന്നാവ് സംഭവം പരാമര്‍ശിച്ച് രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ ഒട്ടേറെ പ്രധാനമന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരേ ആരും കൈ ചൂണ്ടിയിട്ടില്ല. എന്നാല്‍ മോദിക്കെതിരേ അതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഭരണഘടനാടിസ്ഥാനത്തിലാണ് രൂപംകൊണ്ടത്. ഈ ഭരണഘടന തകര്‍ക്കാനാണ് ബി.ജെ.പി.യും ആര്.എസ്.എസും ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും ആര്.എസ്.എസുകാരെ തിരുകിക്കയറ്റുകയാണ്. ഭരണഘടനയെ അട്ടിമറിക്കാനുള്ള മോദിയുടെയും ആര്.എസ്.എസിന്റെയും ശ്രമം ചെറുത്തുതോല്‍പ്പിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കും.’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post