ശാരീരിക അസ്വാസ്ഥം മൂലം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ആരോഗ്യവാനാണെന്നും അദ്ദേഹത്തെ തിരിച്ച് റാഞ്ചി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചയക്കണമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ താന്‍ ആരോഗ്യവാനല്ലായെന്നാണ് ലാലുവിന്റെ വാദം. ഇത്ര പെട്ടെന്നുള്ള ആശുപത്രി മാറ്റത്തിന്റെ കാരണം എയിംസ് അധികൃതര്‍ വ്യക്തമാക്കണമെന്ന് ലാലുവിന്റെ കുടുംബാഗങ്ങള്‍ പറഞ്ഞു. താന്‍ തിരിച്ച് റാഞ്ചി മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ മാത്രം ആരോഗ്യം വീണ്ടെടുത്തിട്ടില്ലായെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി അദ്ദേഹം എയിംസ് അധികൃതര്‍ക്ക് ഒരു കത്തും എഴുതിയിരുന്നു. റാഞ്ചിയിലെ മെഡിക്കല്‍ കോളേജില്‍ തന്റെ ശാരീരിക അസ്വസ്ഥത ചികിത്സിക്കാനുള്ള സൗകര്യം ഇല്ലായെന്നായിരുന്നു കത്തില്‍ പറഞ്ഞിട്ടുള്ളത്. എയിംസ് ഹോസ്പിറ്റലിന്റെ നീക്കത്തിനെതിരെ ആര്.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എയിംസ് ഹോസ്പിറ്റല്‍ പ്രസ്താവന നടത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ ഗാന്ധി ലാലു പ്രസാദിനെ ആശുപത്രിയില്‍ വന്ന് കണ്ടിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിഞ്ഞിരുന്ന ലാലു പ്രസാദിനെ കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു എയിംസില്‍ പ്രവേശിപ്പിച്ചത്. ഒരു കുറ്റവാളിക്ക് എന്ത് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാളെ കാണാന്‍ അനുവാദം നല്‍കിയെന്ന് സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നിരുന്നു.
തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ലാലു പ്രസാദ് യാദവിന്റെ ഭാര്യയായ രബ്രി ദേവി അഭിപ്രായപ്പെട്ടു. തന്റെ ഭര്‍ത്താവിന്റെ ആരോഗ്യം വഷളാവുകയാണെന്നും ഇതിന് പിന്നില്‍ രോഗാവസ്ഥയാണോ കാരണം അതോ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ മരുന്നുകള്‍ നല്‍കുന്നുണ്ടോയെന്ന് അറിയില്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റവാളിയായി സി.ബി.ഐ കോടതി വിധിച്ചിരുന്നു. ശിക്ഷയായി 14 കൊല്ലമാണ് ജയില്‍ വാസം വിധിച്ചിരിക്കുന്നത്.
Discussion about this post