അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം നശിപ്പിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ഓള് ഇന്ത്യ മുസ്ലീം സംഘിന്റെ ദേശീയ നേതാവ് ഫര്‍ഹത് അലി ഖാന്. സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച മഹാത്മാ ഗാന്ധിയുടെ ചിത്രം പാക്കിസഥാനില്‍ ഒരിടത്തും വെച്ചിട്ടില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഇന്ത്യയില്‍ ജിന്നയുടെ ചിത്രം വെക്കേണ്ട ഒരാവശ്യവുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്നും വിഭജന സമയത്ത് ഇന്ത്യയിലേക്ക് ചേക്കേറിയ മുസ്ലീങ്ങളെ അവിടുള്ളവര്‍ മുഹാജിറുകളായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് ഇന്ത്യയെയും ഇന്ത്യയിലുള്ള മുസ്ലീങ്ങളെയും വെറുക്കുന്നുവെന്നും ഇതേ വികാരം തന്നെയാണ് ഇന്ത്യയിലുള്ള മുസ്ലീങ്ങള്ക്കുമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കൊണ്ട് ജിന്ന പോലുള്ളവരുടെ ചിത്രങ്ങള്‍ ഇന്ത്യയില്‍ വെക്കേണ്ട ഒരു കാരണവുമില്ലായെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ച അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ നിന്നും അത് നീക്കം ചെയ്യണമെന്ന ആവശ്യം പല സംഘടനകളും മുന്നോട്ട് വെച്ചിരുന്നു. എന്ത് കൊണ്ട് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ചോദിച്ച് കൊണ്ട് സ്ഥലത്തെ ബി.ജെ.പി എം.എല്‍.എയായ സതീഷ് ഗൗതം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചിരുന്നു. ജിന്ന സര്‍വ്വകലാശാലയുടെ സ്ഥാപകരില്‍ ഒരാളായിരുന്നെന്നും അങ്ങനെയുള്ളവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവാണെന്നുമായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം.
ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ട്.
Discussion about this post