ആലപ്പുഴ: ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ അതിഗൗരവതരമായ ആരോപങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പത്ത് സ്ഥലത്തായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ സ്വത്താണ് കോടിയേരിയും സജി ചെറിയാനും ചേര്‍ന്ന് വാങ്ങിയതെന്നാണ് ആരോപണം. സത്യവാങ്മൂലത്തില്‍ കാട്ടാത്ത 16ഓളം വസ്തുക്കള്‍ കൂടി സജി ചെറിയാനുണ്ട്.
ഒന്നേകാല്‍ കോടി പ്രമാണത്തില്‍ കാട്ടിയിട്ടുള്ള ഏകദേശം രണ്ടര ഏക്കറോളം വരുന്ന വസ്തുക്കളുടെ കണക്കുകളാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നത്. വെണ്മണിയിലും അമ്പലപ്പുഴയിലുമായിട്ടാണ് ഈ വസ്തുക്കളെന്നും വിശദീകരിക്കുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഈ വസ്തു വകകള്‍ സജി ചെറിയാന് മറിച്ചു വച്ചിരിക്കുന്നതെന്നാണ് ആരോപണം.സജി ചെറിയാന്റെ നേതൃത്വത്തില്‍ രണ്ട ്സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. കരുണാ പാലിയേറ്റീവ് കെയറും ആലപ്പുഴ റിഹാബിലിറ്റേഷനും. ഇതില്‍ പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനാണ് താനെന്നത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആലപ്പുഴ പ്രസ്ഥാനത്തിന്റെ പേര് പറയുന്നുമില്ല. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് കൂടുതലും വസ്തു വാങ്ങി കൂട്ടിയിരിക്കുന്നതെന്നാണ് സൂചന.
അമ്പലപ്പുഴ വടക്ക് വില്ലേജില്‍ 20 സെന്റും വെണ്മണിയില് ഒരു ഏക്കറും അവിടെ തന്നെ അമ്പതിനായിരം രൂപയ്ക്ക് 39 സെന്റും വാങ്ങിയെന്നാണ് ആറോപണം. മറ്റൊരു 28 സെന്റും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് സെന്റ് 2.8ലക്ഷത്തിന് വാങ്ങിയെന്നും ആരോപിക്കുന്നു. പുന്നപ്രയിലും മുളക്കുഴയിലും സജി ചെറിയാന് സ്വത്തുണ്ടെന്നും പറയുന്നു.പരാതി പ്രകാരം ആലപ്പുഴ റിഹാബിലിറ്റേഷനുമായി കോടിയേരിക്ക് യാതൊരു ബന്ധവുമില്ല. ബൈലോ പ്രകാരം ആലപ്പുഴ റിബാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവീ സൈസൈറ്റിയുടെ കമ്മറ്റി അംഗമല്ല കോടിയേരി പിന്നെന്തിനാണ് ഇരുവരും ചേര്‍ന്ന് ഭൂമി വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല.
ഇത് നിയമവിരുദ്ധ സാമ്പത്തിക ഇടപാടാണെന്നും ഈ സ്ഥാപനത്തിന്റെ ബൈലോ പ്രകാരം അംഗങ്ങള്‍ക്ക് മൂലധനം ഉണ്ടാവേണ്ടതാണ്. ഇതും ഇലക്ഷന് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ ഇല്ലെന്നും ആരോപിക്കുന്നു. എല്ലാ രേഖകളും പരിശോധിച്ച് നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാണ് ആവശ്യം. സജി ചെറിയാനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. നോമിനേഷന് സ്വീകരിച്ചാലും നിയമ നടപടികള്‍ തുടരാനാണ് സാധ്യത. ഇതിന് വേണ്ടി കൂടിയാണ് ഇപ്പോള്‍ പരാതി നല്കിയിക്കുന്നത്.
Discussion about this post