ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ മുംബൈ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം അയച്ചതിന് ഒരു ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരനെ അറസ്റ്റുചെയ്തു. കാർത്തിക് മാധവ് ഭട്ട് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്.
മെയ് രണ്ടാം തീയതി രാവിലെ എട്ടേകാലിനു ഇൻഡിഗോ വിമാനക്കമ്പനിയുടേ തന്നെ കാർഗോ വിഭാഗത്തിലേക്കാണ് ഇയാൾ വ്യാജസന്ദേശം അയച്ചത്. സന്ദേശം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിൽ വ്യാപകമായി തിരച്ചിൽ നടത്തുകയും സന്ദേശം കള്ളമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. സന്ദേശം ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലിസ് ആളെ കണ്ടെത്തിയത്.
ഇൻഡിഗോ വിമാനക്കമ്പനിയുടെ പൂനെ വിഭാഗത്തിലെ ഉപഭോക്തൃ സേവന ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്. ജോലിയിലുള്ള പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പിരിച്ചുവിടും എന്ന മേലധികാരികളുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വിഷാദത്തിനടിപ്പെട്ട ഇയാൾ കമ്പനിയോടുള്ള വൈരാഗ്യം തീർക്കാനാണ് വ്യാജസന്ദേശം അയച്ചതെന്ന് പോലീസിനോട് സമ്മതിച്ചു. സന്ദേശമയച്ച ഫോണും സിം കാർഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post