ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനിനി അധികമില്ല. തമിഴകം തൂത്ത് വരാനും, ജയില്‍വാസവും മറ്റും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനും വന്‍ പദ്ധതികളാണ് ജയലളിത തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ആഗോള വ്യവസായ ഭീമന്മാരെ വലവീശിപിടിച്ച് 15 ലക്ഷം കോടിരൂപയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുമായാണ് ജയലളിത മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തുന്നത്.
നേരത്തെ വമ്പന്‍ പദ്ധതികള്‍ക്ക് കരാറൊപ്പിടാനിരിക്കേയാണ് അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ഇരുമ്പഴിക്കുള്ളിലായത്. പകരമെത്തിയ മുഖ്യമന്ത്രി പനീര്‍ശെല്‍വം ജയലളിത മടങ്ങിയെത്തുന്നതുവരെ പദ്ധതികളെല്ലാം മരവിപ്പിച്ചിരിക്കുകയായിരുന്നു. ജയലളിത ചുമതലയേറ്റാലുടന്‍ അടിസ്ഥാനസൗകര്യ വികസനബോര്‍ഡ് അഞ്ചുലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കരാറൊപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
‘വിഷന്‍2023’ എന്ന പേരില്‍ ആഗോള വ്യവസായ കമ്പനികളെ സംഘടിപ്പിച്ച് ജയലളിത വന്‍ പദ്ധതികള്‍ക്ക് കരാര്‍ നേടുകയായിരുന്നു. 15 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ അംഗീകരിക്കുകയും ചെയ്തു. കൃഷിജലസേചന മേഖലയില്‍ 1,27,250 കോടി, നഗരവികസനത്തിന് 2,59,000 കോടി, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 60,120 കോടി, ഗതാഗത മേഖലയുടെ നവീകരണത്തിന് 3,65,927 കോടി എന്നിങ്ങനെയാണ് പദ്ധതികള്‍. ഏഷ്യന്‍വികസന ബാങ്ക് (എ.ഡി.ബി), ലോക ബാങ്ക്, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ (ജിക്ക) എന്നിവയുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. 1.37 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പെട്രോ കെമിക്കല്‍ പദ്ധതി, നാഷര്‍ണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് സോണ്‍ (നിംസ്) എന്നിവയില്‍ താത്പര്യമറിയിച്ച വിദേശസംരംഭകര്‍ തമിഴ്‌നാട്ടിലേക്ക് പോയി. കേരളത്തില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ താത്പര്യപ്പെട്ട ഹുണ്ടായ് പുതിയ ഫാക്ടറി വേണ്ടെന്നുവച്ച് ചെന്നൈയിലുള്ള യൂണിറ്റ് 4000 കോടി ചെലവില്‍ വിപുലീകരിക്കുകയാണ്.
സൗജന്യ നിരക്കില്‍ ഭൂമി, റോഡ്, വെള്ളം, വൈദ്യുതി,സുരക്ഷിതമായ രാഷ്ട്രീയ സാഹചര്യം, നിക്ഷേപസൗഹൃദ സര്‍ക്കാര്‍, സുതാര്യമായ സമീപനം,തൊഴില്‍ നൈപുണ്യമുള്ള യുവാക്കള്‍, എന്നിങ്ങനെ വ്യവസായികളെ ആകര്‍ഷിയ്ക്കാന്‍ നിരവധി പദ്ധതികളും ജയലളിത മുന്നോട്ട് വച്ചു. ചുവപ്പ് നാടയും ഉദ്യോഗസ്ഥ ഇടപെടലും കുറയ്ക്കാനും ജയലളിത കര്‍ശന നിലപാട് എടുക്കും.
എമര്‍ജിംഗ് കേരള പദ്ധതി പ്രകാരം കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട കോടികളുടെ പദ്ധതികളാണ് ഒറു വര്‍ഷത്തിനകം തമിഴ്‌നാട്ടില്‍ ആരംഭിയ്ക്കാനിരിക്കുന്നത്.
Discussion about this post