പെട്രോള്‍ വില പത്ത് രൂപ കൂടിയപ്പോള്‍ സംസ്ഥാന നികുതി രണ്ട് രൂപ 45 പൈസ കൂടി. എന്നാല്‍ ഇന്ന് മന്ത്രി സഭ യോഗം ചേര്‍ന്ന് വില കുറച്ചത് ഒരു രൂപ മാത്രം. പത്ത് രൂപ കൂടിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയില്‍ വര്‍ധനവുണ്ടായില്ല, അതേ സമയം സംസ്ഥാനത്തിന് കോടികളുടെ നികുതി വരുമാന വര്‍ദ്ധനവാണ് ഉണ്ടായത്.
വില കൂടുന്നതനുസരിച്ച് സംസ്ഥാന നികുതിയും സ്വഭാവികമായും ഉയരും. ഈ അധിക നികുതി ഇനി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പത്ത് രൂപ ഉയര്‍ന്നതിന് മുമ്പുള്ള നികുതി നിരക്കിലേക്ക് മാറണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
71 രൂപയില്‍ നിന്നു പെട്രോള്‍ വില 81 കടന്നതോടെ കേരളത്തിന് ഓരോ ലിറ്ററിലും അധികമായി ലഭിക്കുന്ന നികുതി 2.45 രൂപയാണ്. 10 രൂപയുടെ വര്‍ധന ഉണ്ടായപ്പോള്‍ സംസ്ഥാനത്തിനു ലഭിച്ച അധിക നികുതി വരുമാനം ദിവസം രണ്ടുകോടിയിലേറെ രൂപയാണ്. ഒരു ദിവസം ശരാശരി ഒരുകോടി ലിറ്റര്‍ പെട്രോളും ഡീസലുമാണ് കേരളത്തില്‍ വില്‍ക്കുന്നത്. 73.2 ശതമാനം ഡീസലും 26.8 ശതമാനം പെട്രോളും. ലിറ്ററിന് പത്തുരൂപ കൂടിയപ്പോള്‍ അധികവരുമാനമായി ഒരു മാസം ലഭിക്കുന്നത് 60 കോടി രൂപ.
പെട്രോളിന് 71 രൂപയുണ്ടായിരുന്നപ്പോള്‍,ഉല്‍പ്പന്ന വില 30.06 രൂപയായിരുന്നു. കേന്ദ്രനികുതി 19.48 രൂപയും, ഡീലര്‍ കമ്മിഷന് 3.63 രൂപയും, സംസ്ഥാന നികുതി 17 രൂപയും. എന്നാല്ഇപ്പോള് ലിറ്ററിന് 81 രൂപ ആയപ്പോള്‍ ഉല്‍പ്പന്ന വില 37.65 രൂപായി. കേന്ദ്രനികുതി മാറ്റമില്ലാതെ 19.48 രൂപയില്‍ തുടര്‍ന്നപ്പോള്‍ സംസ്ഥാന നികുതി 19.45 രൂപയായി വര്‍ധിച്ചു. ഡീലര്‍ നികുതിയിലും മാറ്റമുണ്ടായില്ല.
വില വര്‍ധനവിലും കേന്ദ്ര നികുതി മാറ്റമില്ലാതെ തുടരുമ്പോഴും കേരളത്തിന് കൂടുതലായി ഓരോ ലിറ്ററിനും രണ്ടു രൂപ 45 പൈസയുടെ അധികവരുമാനമാണ് ഉള്ളത്. ഉല്‍പ്പന്നവിലയും കേന്ദ്രനികുതിയും ചേര്‍ന്നുവരുന്ന വിലയിലാണ് സംസ്ഥാനത്തിന്റെ 32.02 ശതമാനം നികുതി എന്നതാണ് അധികവരുമാനത്തിന്റെ കാരണം.
പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%. കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.
സംസ്ഥാനത്തിന്റെ ഇന്ധനനികുതി വരുമാനം കഴിഞ്ഞവര്‍ഷം മാസത്തില്‍ 553 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞമാസങ്ങളില്‍ അത് 650 കോടി രൂപവരെയെത്തി.
Discussion about this post