ഞങ്ങളെ നോക്കി അലറിവിളിയ്ക്കുകയോ വിമര്‍ശിയ്ക്കുകയോ ചീത്തപറയുകയോ ഒക്കെ ചെയ്തോളൂ….പക്ഷേ ദയവുചെയ്ത് ഫുട്ബോള്‍ കാണാന്‍ വരൂ. സുനില്‍ ഛേത്രി സങ്കടത്തോടെ പറഞ്ഞു. മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു.
കളത്തിലെത്തി ആരാധകര്‍ ഇന്ത്യക്കായി ആര്‍ത്തുവിളിച്ചു. ഛേത്രിയും സംഘവും കെനിയയെ മൂന്ന് ഗോളിന് തകര്‍ത്തു വിട്ടു.
വേറെ ഒരു ലോകടീമിനുമില്ലാത്ത ഗതികേടാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനുള്ളത്. ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ തന്റെ നാട്ടുകാരോട് ഫുട്ബോള്‍ കാണാന്‍ വരാനായി കെഞ്ചേണ്ടി വരിക. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ട്വിറ്ററിലൂടെ ഇന്നലെ ജനങ്ങളോട് ഫുട്ബോള്‍ കാണാന്‍ വരാന്‍ അപേക്ഷിച്ചത്.
”ദയവായി ഇടപെടൂ. നിങ്ങളെ ഞങ്ങള്‍ക്കാവശ്യമുണ്ട്. കളിയെപ്പറ്റി സംസാരിയ്ക്കൂ, ബാനറുകള്‍ ഉണ്ടാക്കൂ, വീട്ടില്‍ ചെന്ന് സംസാരിയ്ക്കൂ. സുനില്‍ പറഞ്ഞു. വലിയ യൂറോപ്യന്‍ ടീമുകളുടെ ആരാധകരായിരിയ്ക്കുന്നവരേ,യൂറോപ്യന്‍ ടീമുകളെ വികാരവായ്പ്പോടെ പിന്തുണയ്ക്കുന്നവരേ, ഒരുപക്ഷേ നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടാവാം എന്തിനു സമയം കളയുന്നെന്ന്, ഞങ്ങള്‍ അവര്ക്കൊപ്പമല്ലെന്ന്. സമ്മതിച്ചു. ഭാരത ടീം അവര്‍ക്കൊപ്പമല്ല. അവരോടടുത്തുപോലുമല്ല. പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ പറയാം നിങ്ങളുടെ സമയം വെറുതേയാവില്ല. ഞങ്ങള്‍ ഫുട്ബോള്‍ കളിയ്ക്കുന്നത് കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരൂ. ഞങ്ങള്‍ക്കെതിരേ അലറിവിളിയ്ക്കൂ, ഞങ്ങളെ ചീത്തവിളിയ്ക്കൂ, കുറ്റം പറയൂ,…എന്നാലും കളി കാണാന്‍ സ്റ്റേഡീയത്തിലേയ്ക്ക് വരൂ. ഒരുകാര്യം ഞങ്ങള്‍ക്ക് ഉറപ്പുതരാനാകും. നിങ്ങള്‍ വന്നതുപോലെയാകില്ല തിരികെപ്പോവുക. നിങ്ങള്‍ ഇന്ത്യന്‍ ഫുഡ്ബോളിനെ ഇഷ്ടപ്പെടും തീര്‍ച്ചയായും ഞങ്ങള്‍ക്കുറപ്പുണ്ട്”. സുനില്‍ ഛേത്രി പറഞ്ഞു.
വെറും 2500ഓളം ആള്ക്കാര് മാത്രമാണ് ഇന്ത്യയുടെ കളി കാണാന്‍ വെള്ളിയാഴ്ച സ്റ്റേഡിയത്തിലെത്തിയത്.ലോകകപ്പ് ഫുട്ബോള്‍ തുടങ്ങുന്ന സമയത്ത് എല്ലാ ആഗോള ടീമുകളേയും ഇന്ത്യയുടെ ഫുട്ബോള്‍ ആരാധകര്‍ പിന്തുണയ്ക്കുന്നത് പതിവാണ്. സാമൂഹ്യമാദ്ധ്യമങ്ങള്‍ വന്നതിനു ശേഷം പ്രത്യേകിച്ചും. വിവിധ യൂറോപ്യന്‍ ക്ളബുകള്‍ക്കും ഒട്ടനവധി ആരാധകര്‍ ഭാരതത്തിലുണ്ട്. പക്ഷേ ഭാരതീയ ഫു ഡ്ബോളിനെപ്പറ്റിപ്പറയുമ്പോള് എല്ലാവര്ക്കും വലിയ പുച്ഛമാണ്. ഇവിടെയുള്ള കായികാസ്വാദകര്‍ അനുകൂലിച്ചില്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ വളരുക? ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ ലോകത്തിനു നെറൂകയിലാണെന്നതിന് പ്രധാന കാരണം ഇവിടെ അതിനെ അംഗീകരിയ്ക്കാന്‍ ആരാധകരുണ്ടെന്നതാണ്. ഒരു കളിയും ആരാധകരില്ലെങ്കില്‍ വളരില്ല.
എന്തായാലും ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്റെ സന്ദേശം വളരെപ്പെട്ടെന്ന് തന്നെ ജനങ്ങള്‍ ഹൃദയത്തിലേറ്റി. പതിനയ്യായിരത്തോളം പേര്‍ക്കിരിയ്ക്കാവുന്ന സ്റ്റേഡിയത്തില്‍ ഇനിയുള്ള സകല കളിയുടേയും ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.
അന്‍പത്തിയൊമ്പത് മത്സരങ്ങളില്‍ നിന്ന് തൊണ്ണൂറ്റിയൊമ്പത് ഗോളുകള്‍ കരസ്ഥമാക്കിയ സുനില്‍ ഛേത്രി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍മാരിലൊരാളാണ്.
”എന്തിനാണ് ഞങ്ങളുടെ കളി കാണാന്‍ വരുന്നതെന്നാണോ? കാരണം ഞങ്ങള്‍ ഇന്ത്യയ്ക്കായാണ് കളിയ്ക്കുന്നത്”. ഇന്ത്യയുടെ മുദ്ര പതിപ്പിച്ച തന്റെ ജേഴ്സിയില്‍ തൊട്ട് വികാരഭരിതനായി സുനില്‍ഛേത്രി പറഞ്ഞു.
്
അര്‍ജന്റീനയ്ക്കും ബ്രസീലിനുമൊക്കെയായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റുന്നവര്‍ ഇടയ്ക്ക് നമ്മുടെ നാടിനുവേണ്ടി കളിയ്ക്കുന്ന വലിയ ശമ്പളമോ ആനുകൂല്യങ്ങളോ താരപദവിയോ ഒന്നുമില്ലാത്ത ഈ കായികതാരങ്ങളെക്കൂടി അല്‍പ്പം പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും ലോകഫുട്ബോളില് ഇന്ത്യ
മുന്നോട്ടുപോകുമെന്നതില്‍ ഒരു സംശയവുമില്ല.
എന്തായാലും ക്യാപ്റ്റന്‍ പറഞ്ഞതിനു ശേഷമെങ്കിലും എല്ലാ ടിക്കറ്റുകളും വിറ്റുപോയത് നല്ലൊരു തുടക്കമാണ്.സുനിലിന്റെ വീഡിയോ വന്നതിനു ശേഷം സച്ചിന് ടെണ്ടുല്‍ക്കറും വിരാട് കോലിയും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സുനില്‍ ഛേത്രിയുടെ വീഡിയോ പങ്കുവയ്ക്കുകയും സ്വന്തമായി ജനങ്ങളോട് അപേക്ഷിയ്ക്കുകയും ചെയ്തിരുന്നു.
Discussion about this post