ചുവന്ന ചെകുത്താന്മാർക്ക് ഇത് മധുര പ്രതികാരം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരും നഗരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ജേതാക്കൾ. ലണ്ടനിലെ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പെപ്പിന്റെ ടീമിനെ ടെൻ ഹാഗിന്റെ കുട്ടികൾ മലർത്തിയടിച്ചത്. കഴിഞ്ഞ സീസണിൽ എഫ്എ കപ്പിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പൊരുതി തോൽക്കുകയാണ്.
ഫസ്റ്റ് ഹാഫിൽ നേടിയ രണ്ട് ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തുണയായത്. 30ആം മിനിറ്റിൽ അലജാന്ദ്രോ ഗർണാച്ചോ റെഡ് ഡെവിൾസിനെ മുന്നിൽ എത്തിച്ചു. സിറ്റിക്ക് തിരിച്ചുവരാൻ സമയം നൽകാതെ 9 മിനിറ്റിനുള്ളിൽ യുണൈറ്റഡ് ലീഡ് രണ്ടായി ഉയർത്തി. കോബി മൈനോയുടെ വകയായിരുന്നു രണ്ടാം ഗോൾ. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്.
മാഞ്ചസ്റ്റർ സിറ്റി ഗോൾ മടക്കാൻ നടത്തിയ ശ്രമങ്ങൾ 87 ആം മിനിറ്റിൽ മാത്രമാണ് ഫലം കണ്ടത്. ഫിൽ ഫോഡന്റെ അസിസ്റ്റിൽ നിന്ന് ജെർമി ഡോക്കുവാണ് യുണൈറ്റഡിന്റെ വല കുലുക്കിയത്. ലേറ്റ് ഗോൾ നേടി നേരിയ പ്രതീക്ഷ ഉയർത്തിയെങ്കിലും സമനില പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായില്ല.
എറിക് ടെൻ ഹാഗ് കോച്ചായതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്ന രണ്ടാം കിരീടമാണ്. കഴിഞ്ഞ സീസണിൽ റെഡ് ഡെവിൾസ് കരബാവോ കപ്പ് സ്വന്തമാക്കിയിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പിൽ മുത്തമിടുന്നത്.
Discussion about this post