കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ എവി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. എന്ത് തെളിവിന്റെ അടിസ്ഥനത്തിലാണ് ശ്രീജിത്തിനെ എവി. ജോര്‍ജ് രൂപീകരിച്ചെന്നു പറയപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്.ടി.എഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ആര്.ടി.എഫ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമോ? അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ആര്.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
എ.വി ജോര്‍ജിനെ ന്യായീകരിച്ച് സര്‍ക്കാരും, കേസില്‍ പ്രതിയാക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലും നിയമോപദേശം നല്‍കിയതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസിനെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ എ.വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ല. ആര്.ടി.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംഘം ജോര്‍ജിന്റെ നിര്‍ദ്ദേശമില്ലാതെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമോയന്ന സംശയം ഉന്നയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐക്ക് വിടുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച ഉണ്ടാവും
Discussion about this post