കെയ്റോ: സൈനികരെ ആക്രമിച്ചു എന്ന കുറ്റം ശരിവെച്ചുകൊണ്ട് നിരോധന സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചു. കെയ്റോ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, 2011ല്‍ ജയില്‍ ചാടി എന്നീ കേസുകളിലാണ് ഈജിപ്ഷ്യന്‍ കോടതി മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മുര്‍സിയെ കൂടാതെ 105 പേരെയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ഈജിപ്ത് ഗ്രാന്റ് മുഫ്ത്തിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
മിതവാദ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവും 2013ല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റുമായ മുഹമ്മദ് മുര്‍സി 2011ല്‍ ഹുസ്നി മുബാറക്ക് ഭരണത്തിനെതിരായ പ്രക്ഷോഭത്തില്‍ വിദേശപോരാളികളുടെ സഹായത്തോടെ ജയില്‍ തകര്‍ത്ത് ഇസ്ലാമിസ്റ്റുകളെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്.
2012 ഡിസംബറില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് മുന്നില്‍ പ്രതിഷേധിച്ച പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പൊലീസിന് മുര്‍സി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം പ്രവര്‍ത്തകരെ ഇറക്കി പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം 11 പേര് കൊല്ലപ്പെട്ടു. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരിലേറെയും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ കൊല്ലാന്‍ നിര്‍ദേശം നല്കി എന്നതടക്കമുള്ള കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ഈജിപ്ത് സര്‍ക്കാര്‍ ചുമത്തിയിരുന്നത്.
Discussion about this post