താരസംഘടനയായ അമ്മയില് ഉണ്ടായ വിവാദവുമായ് ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി സുകുമാരന്. നടന്റെ മേല് ആരാണ് കുറ്റം ആരോപിച്ചിട്ടുള്ളതെന്നും ചാരക്കേസ് പോലെ ഒരു കേസ് ദിലീപിന്റെ മേല് പൊലീസ് ചാര്ത്തിയതാണെന്നും ദിലീപിനെ പിന്തുണച്ച് സുകുമാരന് രംഗത്ത്.
കെ.പി സുകുമാരന്റെ കുറിപ്പ് ;
കുറ്റാരോപിതൻ എന്നൊരു വിശേഷണം ദിലീപിന്റെ പേരിൽ ഇപ്പോൾ ഫെയ്സ്ബുക്കിൽ കറങ്ങുന്നുണ്ട്. ആരാണു ദിലീപിന്റെ മേൽ കുറ്റം ആരോപിച്ചിട്ടുള്ളത്? പ്രമുഖനടി കുറ്റം ആരോപിച്ചിട്ടില്ല. ദിലീപിന്റെ മുൻ ഭാര്യ ആരോപിച്ചിട്ടില്ല. പൾസർ സുനി ആരോപിച്ചിട്ടില്ല. ചാരക്കേസ് പോലെ ഒരു കേസ് ദിലീപിന്റെ മേൽ പൊലീസ് ചാർത്തി എന്ന് മാത്രം.
ഇത് പൊലീസിനു തെറ്റ് പറ്റിയത് കൊണ്ടാണോ അതോ ദിലീപിനെ കുടുക്കാൻ ആരോ ഗൂഢാലോചന നടത്തിയതിൽ പൊലീസും പങ്കാളിയായതാണോ എന്നറിയില്ല. നടി സംഭവം അങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കിൽ തന്നെ അതിൽ ദിലീപിനെ ബന്ധിപ്പിക്കാൻ ഒരു കണ്ണിയും എവിടെയും ഇല്ല. എന്നിട്ടും ദിലീപിനെ കുറ്റാരോപിതൻ എന്ന് വിശേഷിപ്പിച്ച് കുറ്റവാളി തന്നെ എന്ന് വിശ്വസിക്കുകയാണു ചിലർ. ആ വിശ്വാസം അവർ കുറേക്കാലം പേറേണ്ടി വരും. കാരണം എല്ലാ കേസുകളും പോലെ ഈ കേസും എത്ര കാലം നീളും എന്ന് ആർക്കും അറിയില്ല.
എത്രയോ കാലം കഴിഞ്ഞിട്ടാണു നമ്പി നാരായണൻ നിരപരാധി എന്ന് എല്ലാവർക്കും ബോധ്യമായത്. എന്നാൽ ചാരക്കേസിന്റെ തുടക്കത്തിൽ തന്നെ എന്റെ ഒരു ലോജിക്ക് വെച്ച് ചാരക്കേസ് കെട്ടിച്ചമച്ച കേസാണെന്ന് എനിക്ക് ബോധ്യമായിരുന്നു. നടിസംഭവത്തിലും ദിലീപ് ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ പുറത്താണു ദിലീപിനെ ഞാൻ പിന്തുണയ്ക്കുന്നത്.
അതേ സമയം ദിലീപിനെ കുടുക്കാൻ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് സംശയിക്കാൻ മാത്രം എത്രയോ സംഗതികൾ ഈ കേസിൽ ഉണ്ട് താനും. എന്തായാലും ആ സത്യം കാലം തെളിയിക്കുമെങ്കിൽ തെളിയിക്കട്ടെ.
Discussion about this post