സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാജ്യമാണ് ഇന്ത്യയെന്ന റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബ്രിട്ടനിലെ തോംസണ്‍ ഫൗണ്ടേഷന് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയ്ക്ക് അപമാനിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. പാകിസ്ഥാന്, സിറിയ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്നും തോംസണ്‍ ഫൗണ്ടേഷന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത് വിശ്വസനീയമല്ലെന്നും തരൂര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ അടുത്തിടെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഭയാശങ്കകളോടെയാണ് കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വ്വെയിലാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന കണ്ടെത്തലുകളുള്ളത്. യുദ്ധം നടക്കുന്ന അഫ്ഗാനിസ്ഥാന്, സിറിയ എന്നിവിടങ്ങളെക്കാളും അരക്ഷിതാവസ്ഥ ഇന്ത്യയിലെന്നാണ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളും അടിമപ്പണികളും സ്ത്രീ സുരക്ഷയ്ക്കായി കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നുള്ളതുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ തോംസണ്‍ സര്‍വ്വേ ഇന്ത്യയെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ നിര്‍മ്മിതിയാണെന്ന ആക്ഷേപം ശക്തമാണ്. ഒരു തരത്തിലും അംഗീകരിക്കാവുന്ന തരത്തിലുള്ളതല്ല സര്‍വ്വേ എന്നാണ് വിലയിരുത്തല്‍.
ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ മോശക്കാരായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരമില്ല തുടങ്ങിയ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകള്‍ ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ശക്തിയായി മാറുന്ന ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ കുതന്ത്രമാണ് ഇതെല്ലാമെന്ന വിലയിരുത്തലും ശക്തമാണ്.
ഇന്ത്യയെ മോശപ്പെടുത്തിയുള്ള ഇത്തരം വാര്‍ത്തകള്‍ ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെ ആഘോഷിച്ചതും വിമര്‍ശനവിധേയമായിരുന്നു.
Discussion about this post