ഡല്‍ഹി: നിക്കാഹ് ഹലാലായ്ക്കെതിരെ കോടതിയെ സമീപിച്ച വനിതയ്ക്ക് വധഭീക്ഷണി. ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കുമെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ മുസ്ലിം യുവതിക്ക് വധഭീക്ഷണി നേരിടേണ്ടി വന്നെന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഓഖ്ലാ വിഹാറില്‍ വീടു വാടകയ്ക്ക് എടുക്കാന്‍ ശ്രമിച്ച തനിക്ക് പ്രദേശവാസികളില്‍ നിന്നും ഗുണ്ടാ സംഘങ്ങളില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടേണ്ടി വന്നെന്നാണ് സമീനാ ബീഗത്തിന്റെ പരാതിയില്‍ പറയുന്നത്.
ഓഖ്ലാ വിഹാറിലെ വീടിന് വാടക പറഞ്ഞുറപ്പിച്ച് ഉടമസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടതായിരുന്നു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് വീണ്ടും അവിടെയെത്തിയ തന്നെ ചില പ്രദേശവാസികളും വീട്ടുടമസ്ഥന്റെ മകനും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്.’ ബീഗം പറയുന്നു. പുതിയ വീട്ടില്‍ കടന്നു വന്ന അക്രമികള്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും സമീനാ ബീഗം മാധ്യമങ്ങളോടു പറഞ്ഞു
‘ശരിയത്ത് നിയമങ്ങള്‍ കൈയിലെടുത്തുവെന്ന് ആരോപിച്ചാണ് എന്നെ ഉപദ്രവിച്ചത്. എന്റെ സാധനങ്ങളെല്ലാമെടുത്ത് തിരികെ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. എന്നെ ബലാത്സംഗം ചെയ്യുമെന്നും, എന്റെ കുഞ്ഞിനെ ജീവനോടെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. അവര്‍ പറയുന്നതനുസരിച്ച് ഹര്‍ജി പിന്‍വലിക്കാനും ആവശ്യപ്പെട്ടു.’ ബീഗം പറയുന്നു.
മുസ്ലിം വ്യക്തി നിയമത്തിലെ 2ാം ഭാഗത്തെ ഭരണഘടനയുടെ 14,14,21,25 അനുഛേദങ്ങളുടെ ലംഘനമായിക്കണ്ട് എടുത്തുമാറ്റണെമെന്നു കാണിച്ചാണ് സമീനാ ബീഗം സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബഹുഭാര്യത്വത്തെയും നികാഹ് ഹലാലായെയും ന്യായീകരിക്കുന്നതാണ് ഈ നിയമങ്ങള്‍ എന്ന് ബീഗം പറയുന്നു.
യുദ്ധത്തില്‍ അനാഥരാകുന്ന സ്ത്രീകളുടെ ക്ഷേമത്തെക്കരുതിയാണ് ബഹുഭാര്യാത്വം ഖുറാനില്‍ അനുവദിച്ചിട്ടുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ മുസ്ലിം പുരുഷന്മാര്ക്ക് ഒന്നിലധികം വിവാഹബന്ധങ്ങളിലേര്പ്പെടാനുള്ള ലൈസന്‍സ് അല്ല അത്.’ ഹര്‍ജിയില്‍ പറയുന്നു.
തനിക്ക് വീടു വിട്ട് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും ജീവനു ഭീഷണിയുണ്ടെന്നും സമീനാ ബീഗം ചൂണ്ടിക്കാട്ടുന്നു. ‘എനിക്ക് സുരക്ഷ വേണം. ജസോഡയിലെ പഴയ ഫ്ലാറ്റിലുമെത്തി അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.’ ഡി.സി.പിക്കു നല്കിയ പരാതിയില്‍ ബീഗം ആവശ്യപ്പെടുന്നു.
Discussion about this post