കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ ആണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഴംതീനി വവ്വാലുകളാണ് സാധാരണയായി നിപ്പ പോലുള്ള വൈറസുകളുടെ വാഹിനി എന്ന അഭ്യൂഹം നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ച വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്തിയിരുന്നില്ല. ഇവ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും അതിനാലാണ് നിപ്പ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വവ്വാലുകളെ ഈ പ്രദേശത്ത്നിന്ന് പിടികൂടി പരിശോധന നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 51 വവ്വാലുകളെ പിടികൂടിയതില്‍ പഴംതീനി വവ്വാലുകളും ഉണ്ടായിരുന്നു. ഇവയില്‍ ചിലതിലാണ് നിപ്പയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നിപ്പ വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിലായി 17 പേരാണ് കേരളത്തില്‍ മരിച്ചത്.
Discussion about this post