റോക്കറ്റുകള്‍ക്കും ശൂന്യാകാശപേടകങ്ങള്ക്കുമായി ഐ എസ് ആര് ഓ വികസിപ്പിച്ചെടുത്ത തനത് ലിഥിയം അയോണ്‍ സാങ്കേതികവിദ്യ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റു വ്യവസായങ്ങള്‍ക്കും കൈമാറുന്നു. താല്‍പ്പര്യമുള്ള വ്യവസായികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും തിരുവനന്തപുരത്തുള്ള വിക്രം സാരാഭായി സ്പേസ് സെന്ററില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടുനല്കുമെന്ന് വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡായറക്ടര്‍ എസ് സോമനാഥ് അറിയിച്ചു.
ഒരു കോടി രൂപയ്ക്കാണ് ഈ സാങ്കേതികവിദ്യ ഐ എസ് ആര് ഓ വില്‍ക്കുന്നത്. അപേക്ഷാ സമയത്ത് നാലുലക്ഷം രൂപ നല്‍കണം. നൂറ്റിമുപ്പതോളം അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . അപേക്ഷകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഐ എസ് ആര് ഓയില്‍ നേരിട്ടുചെന്ന് ഈ സാങ്കേതികവിദ്യ പഠിയ്ക്കാനുള്ള അവസരമുണ്ടാക്കും. തിരഞ്ഞെടുക്കുന്ന കമ്പനികള്‍ക്ക് ആദ്യം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി അടയ്ക്കുന്ന നാലുലക്ഷം രൂപ സാങ്കേതികവിദ്യാക്കൈമാറ്റത്തിനുള്ള ഒരു കോടി രൂപയില്‍ മുതല്‍ക്കൂട്ടും. അപേക്ഷകള്‍ നിരസിയ്ക്കപ്പെട്ടാല് ആ നാലുലക്ഷം രൂപ തിരികെനല്‍കും.
ഒരിയ്ക്കല്‍ പണമടച്ചുകഴിഞ്ഞാല്‍ പിന്നീട് റോയല്‍റ്റി ഒന്നും നല്‍കേണ്ടതില്ല. പക്ഷേ ഈ സാങ്കേതികവിദ്യയുടെ കുത്തകാവകാശം ആര്‍ക്കും നല്കുകയില്ലെന്നും അപേക്ഷിയ്ക്കുന്ന യോഗ്യരായ എല്ലാ കമ്പനികള്‍ക്കും ഇതിന്റെ സാങ്കേതികവിദ്യ വില്‍ക്കുമെന്നും ഐ എസ് ആര് ഓ അറിയിച്ചു. വിപണിയില്‍ ആരോഗ്യകരമായ മത്സരമുണ്ടാവുകയും ലിഥിയം അയോണ്‍ സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന ബാറ്ററികള്‍ കൂടുതല്‍ ചിലവുകുറവില്‍ ലഭ്യമാവുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഫലം. കാറുകളിലും ഇലക്ട്രിക് വാഹനങ്ങളിലും ഘടിപ്പിയ്ക്കാനാവുന്ന ഈ ബാറ്ററികള്‍ സകല മേഖലയിലും പുതിയ വ്യവസായങ്ങളുടെ കുതിച്ചുചാട്ടത്തിനു കാരണാമാകുമെന്നാണ് കരുതുന്നത്.
ലാപ്ടോപ്പുകളിലും സ്മാര്‍ട് ഫോനുകളിലും മുതല്‍ ശൂന്യാകാശപേടകങ്ങളില് വരെ ഉപയോഗിയ്ക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ സാങ്കേതിക വ്യവസായത്തിന്റെ സകലമേഖലകളിലും ആവശ്യമുള്ള ഉല്‍പ്പന്നമാണ്. തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉണ്ടാകണമെന്നാണ് ഐ എസ് ആര് ഓയുടെ ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം. ഒപ്പം ഐ എസ് ആര് ഓ സ്വന്തമായി ശൂന്യാകാശപേടകങ്ങള്ക്കും റൊക്കറ്റുകള്ക്കുമായി വികസിപ്പിയ്ക്കുന്ന ഇതുപോലെയുള്ള സാങ്കേതികവിദ്യകള്‍ സാമാന്യ ജനങ്ങള്‍ക്ക് ഉപയുക്തമാക്കുക എന്നതും ഉദ്ദേശമാണ്. ഇതില്‍ നിന്ന് ഐ എസ് ആര് ഓയ്ക്ക് വരുമാനമുണ്ടാവുകയും ചെയ്യും. അത് പുതിയ ഗവേഷണങ്ങള്ക്കായും ഇത്തരം ഗവേഷണങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനും ആ തുക ഉപയോഗിയ്ക്കാം.
സ്വകാര്യ കമ്പനികളും വ്യവസായങ്ങളും ഇതുപോലെ ഗവണ്മെന്റ് ഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്നത് ഇരുരംഗങ്ങള്ക്കും വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നു.
Discussion about this post