ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ ഉത്പന്നങ്ങൾ ഇനി വിൽക്കില്ലെന്ന നിലപാടെടുത്ത് ഇന്ത്യയിലെ റീട്ടെയിൽ വിതരണക്കാർ. ഉത്പന്നങ്ങൾക്ക് നൽകുന്ന ഓഫറുകളുമായി ബന്ധപ്പെട്ട് വൺപ്ലസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജ്യത്തെ മുൻനിര റീട്ടെയിൽ സ്ഥാപനങ്ങൾ ഉൾപ്പടെ വൺപ്ലസ് ഫോണുകൾ വിൽക്കില്ലെന്ന നിലപാടെടുത്തത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ 23 റീട്ടെയിൽ ശൃംഖലയിലുള്ള 4,500 സ്റ്റോറുകളാണ് വൺപ്ലസിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.കാര്യമായ ലാഭം ലഭിക്കാത്ത മാർജിനുകളാണ് വൺപ്ലസ് ഫോണുകൾക്കുള്ളത്. വാറണ്ടി ക്ലെയിമുകൾ കൈകാര്യംചെയ്യുന്നതിലും സർവീസ് നൽകുന്നതിലും കാലതാമസം നേരിടുന്നു എന്നതടക്കമുള്ള പ്രശ്നങ്ങളാണ് വിതരണക്കാർ ഉന്നയിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി വൺപ്ലസ് ഉൽപന്നങ്ങളുടെ വിൽപനയിൽ പ്രശ്നം നേരിടുന്നുണ്ടെന്നും അവ പരിഹരിക്കപ്പെട്ടില്ലെന്നും സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീധർ ടി.എസ് പറഞ്ഞു. വാറന്റിയും സർവീസും നൽകുന്നതിലുള്ള കാലതാമസം തങ്ങൾക്ക് അധിക ബാധ്യതയാകുന്നുവെന്നും വിതരണക്കാർ ആരോപിക്കുന്നു.
എത്രയുംവേഗം ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ഇപ്പോൾ കമ്പനിയുടെ പ്രതികരണം. രാജ്യത്തെ വിതരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് വൺ പ്ലസ് പറഞ്ഞു. വിശ്വസ്തരായ റീട്ടെയിൽ പങ്കാളികളിൽനിന്ന് കഴിഞ്ഞ ഏഴ് വർഷക്കാലമായി ലഭിക്കുന്ന എല്ലാവിധ പിന്തുണയ്ക്കും വൺപ്ലസ് ഏറെ മൂല്യംനൽകുന്നുണ്ട്. നിലവിൽ ഞങ്ങളുടെ പങ്കാളികളുമായിചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനും സഹകരണം ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണെന്നും വൺപ്ലസ് പറഞ്ഞു.
Discussion about this post