ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോണുകൾ. ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഫോൺ ഡാറ്റകളും നമുക്ക് പ്രധാനപ്പെട്ടതാണ്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നാം വേവലാതിപ്പെടുന്നതും അതുകൊണ്ടാണ്.
എന്നാലിനി ശ്രദ്ധിക്കൂ. നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചാലും നഷ്ടപ്പെട്ടുപോയാലും വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്താം.അടുത്തിടെ ഒരു വ്‌ലോഗറിന്റെയും ഭാര്യയുടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. അപ്പോൾ അവർ സ്വീകരിച്ച മാർഗത്തെപ്പറ്റി എക്സിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഡൽഹി ജമാ മസ്ജിദിൽ വച്ചാണ് ടെക് ഇൻഫ്‌ലുവൻസറായ മുഹമ്മദ് ഷാറൂഖിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ മോഷണം പോയത്. ഐഫോൺ 13, ഷവോമി സിവി2 എന്നീ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. റമദാൻ മാസമായതിനാൽ പള്ളിയിൽ നല്ല തിരക്കായിരുന്നു. ഷവോമി ഫോണിലെ ഒരു സെറ്റിംഗ്സ് ഉപയോഗിച്ചാണ് രണ്ട് ഫോണുകളും കണ്ടെത്തിയത്.
എന്റെ അശ്രദ്ധ കൊണ്ടാണ് ഫോൺ നഷ്ടപ്പെട്ടത്. പള്ളിയിൽ നല്ല തിരക്കായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ബാഗ് തുറന്നുകിടക്കുന്ന കാര്യം കണ്ടത്. ഉടൻതന്നെ അവിടെയുള്ള ഗാർഡുമാരോട് പറഞ്ഞെങ്കിലും കാര്യമായ സഹായമൊന്നും അവരിൽ നിന്ന് ലഭിച്ചില്ല. ഞങ്ങടെ കയ്യിൽ മൂന്ന് ഫോണുകളുണ്ടായിരുന്നു. മോഷണം പോകാത്ത ഫോൺ ഉപയോഗിച്ച് ഐഫോണിന്റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ബെല്ല് കേൾക്കുന്നുണ്ടായിരുന്നു. നിരവധി തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. ഞാൻ നിങ്ങളുടെ പുറകിൽ ഉണ്ടെന്നാണ് അയാൾ പറഞ്ഞത്. ശേഷം കോൾ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോൾ എടുത്തില്ല. അപ്പോഴാണ് ഭാര്യയുടെ ഫോണിലുള്ള സെറ്റിംഗ്സുകളെപ്പറ്റി ഓർമ വന്നത്. ആ ഫോണിൽ പാസ്വേർഡ് ഇല്ലാതെ സ്വിച്ച് ഓഫ് ആക്കാനോ നെറ്റ് ഓഫ് ചെയ്യാനോ ഫ്‌ലയിറ്റ് മോഡ് ഓൺ ആക്കാനോ സാധിക്കില്ല ‘ , മുഹമ്മദ് പറഞ്ഞു.ഷവോമി ക്ലൗഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ പള്ളിയുടെ ഉള്ളിലാണ് ഫോൺ ഉള്ളതെന്ന് കണ്ടെത്തി. ക്ലൗഡ് സേവനം ഉപയോഗിച്ച് ശബ്ദങ്ങളും അലാറവുമെല്ലാം പ്രവർത്തിപ്പിച്ചു. തുടർന്ന് ഗതികെട്ട മോഷ്ടാവ് ഫോണിൽ വന്ന കോളെടുത്ത ശേഷം തിരികെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് നിയമ നടപടിക്കൊന്നും ഇവർ മുതിർന്നില്ല.
Discussion about this post