പുതിയ ഫീച്ചറുകൾ വീണ്ടും അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അൽപസമയം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനിയുടെ ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ന്യൂ ചാറ്റ് ബട്ടൺ ക്ലിക്ക് ചെയ്താലാണ് ഇത് കാണാൻ സാധിക്കുക. കോൺടാക്റ്റിൽ അൽപസമയത്തിന് മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചാൽ ഉപഭോക്താക്കൾക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തൽ. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീൻ സമയവും ഓൺലൈൻ സ്റ്റാറ്റസും ഈ പട്ടികയിൽ കാണിക്കില്ല. നിലവിൽ ചുരുക്കം ചില ബീറ്റാ ടെസ്റ്റർമാർക്കിടയിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്പിലും. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ഈ അപ്ഡേഷൻ ലഭ്യമായിട്ടില്ല. നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്സ്ആപ്പിലെ എഐ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാത്രമേ നിലവിൽ മെറ്റ എഐ സപ്പോർട്ട് ചെയ്യുന്നുള്ളൂ. മെറ്റയുടെ തന്നെ ലാർജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വാട്സ്ആപ്പിൽ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി ആപ്പ് ഓപ്പൺ ചെയ്ത ശേഷം ‘ന്യൂ ചാറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിൽ നിന്നും ‘മെറ്റ എഐ’ ഐക്കൺ തിരഞ്ഞെടുത്ത് സേവന നിബന്ധനകൾ വായിച്ചു നോക്കി അംഗീകരിച്ച ശേഷം ഐക്കണിൽ ടാപ് ചെയ്താൽ ഇൻബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടർന്ന് ആവശ്യാനുസൃതം സംഭാഷണങ്ങൾ നടത്താം.
കഴിഞ്ഞ ദിവസം കോൺടാക്ട് ലിസ്റ്റിൽ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചർ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനായി ‘കോൺടാക്റ്റ് സജഷൻ’ ഫീച്ചർ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post