ഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ അടിയന്തര യോഗം ഇന്ന് ചേരും.അരവിന്ദ് കേജ്രിവാള് സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ നിയമസഭയുടെ അടിയന്തര യോഗം ചേരുന്നത്.ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പ്രമേയം വോട്ടിനിട്ടു തള്ളിക്കളഞ്ഞേക്കും. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ഈ ഭരണകാലയളവില്‍ തന്നെ നേടിയെടുക്കുമെന്ന് അരവിന്ദ് കെജ്രിവാള് ഇന്നലെ ഡല്‍ഹിയില്‍നടന്ന തുറന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യമുയര്‍ത്തി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കേജരിവാള്‍ സര്‍ക്കാരിന്റെ ലക്ഷ്യം. ലഫ്റ്റനന്റ് ഗവര്‍ണറുമായി ഇപ്പോള്‍ നടക്കുന്ന തുറന്ന യുദ്ധവും ഈ നീക്കത്തിന്റെ ഭാഗമാണ്. ആം ആദ്മി പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷമുള്ള നിയമസഭയുടെ അടിയന്തര യോഗം വിളിച്ചത് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. സംസ്ഥാന ഭരണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടുന്നുവെന്ന പരാതി ഉള്‍പ്പെടുത്തി പ്രമേയം പാസാക്കാനും നീക്കമുണ്ട്.
ഇന്നലെ വിളിച്ചു ചേര്‍ത്ത തുറന്ന മന്ത്രിസഭ യോഗത്തെ മുഖ്യമന്ത്രി കേജ്രിവാള് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് വേദിയാക്കി. പൂര്‍ണ സംസ്ഥാന പദവിക്ക് ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തി ജന പിന്തുണ തേടാനുള്ള ശ്രമങ്ങളും ആം ആദ്മി പാര്‍ട്ടി ഊര്‍ജിതമാക്കി.
Discussion about this post