കണ്ണൂര്‍: ലൈംഗിക പീഡന ആരോപണമുയര്‍ന്നതോടെ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ പുറത്താക്കിയ പി.ശശിയെ തിരിച്ചെടുത്തു. തലശേരി ടൗണ്‍ കോടതി ബ്രാഞ്ചിലാണു പി ശശിക്ക് അംഗത്വം നല്‍കിയത്. സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011 ജൂലൈയിലാണു പാര്‍ട്ടി പുറത്താക്കുന്നത്. ടി.പി.നന്ദകുമാര്‍ നല്കിയ ലൈംഗികപീഡന ആരോപണക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ശശിയെ കഴിഞ്ഞവര്‍ഷം കുറ്റവിമുക്തനാക്കി. തുടര്‍ന്നാണു പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്പര്യം ശശി സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്ത സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്കാന് തീരുമാനിക്കുകയായിരുന്നു.
ഔദ്യോഗിക പക്ഷത്തെ പ്രമുഖനായിരുന്ന പി.ശശിക്കെതിരെ പരാതി നല്കിയ രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ആദ്യം പരാതി നല്കിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപണത്തില്‍ സംസ്ഥാന സമിതിയില്‍നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. മറ്റൊരു പരാതിക്കാരനായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്.
Discussion about this post