ബിജെപി കേരള ഘടകം അധ്യക്ഷനാരെന്നതില് ദേശീയ നേതൃത്വം ധാരണയിലെത്തിയതായി സൂചന. അടുത്ത ദിവസങ്ങളില്‍ സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും.
കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റതോടെ മാസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് ഒഴിവ് വന്നത്. സംസ്ഥാന ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും നിരവധി പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും ശക്തമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അന്തിമതീരുമാനത്തില്‍ എത്താനായില്ല. ചുമതലയിലേക്കില്ലെന്ന് ആര്‍എസ്എസില്‍ നിന്നും പരിഗണിച്ച നേതാക്കള്‍ പറഞ്ഞതോടെ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ നിന്ന് തന്നെയാവും പുതിയ അധ്യക്ഷന്‍ ഉണ്ടാവുകയെന്നാണ് സൂചന
ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ വ്യക്തിയെ അധ്യക്ഷസ്ഥാനത്ത് എത്തിക്കണമെന്ന നിലപാടാണ് ആര്‍എസ്എസ് എടുത്തത്. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് മുന്‍ഗണന വേണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് കേന്ദ്രനേതൃത്വം തീരുമാനത്തിലെത്തുക.
പാര്‍ട്ടി അധ്യക്ഷന്‍ ആരാകണം എന്നതിനൊപ്പം കേരളത്തിലെ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനവും അമിത് ഷാ വിലയിരുത്തിയിരുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പുറത്ത് നിന്നുള്ള അഭിപ്രായവും തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല എന്ന തിരിച്ചറിവ് ദേശീയ നേതൃത്വം പങ്കുവച്ചിട്ടുണ്ട്. കുമ്മനം രാജേശഖരനെ അധ്യക്ഷനാക്കിയിട്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തടയിടാനായില്ലെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. സാധാരണ പ്രവര്‍ത്തകരുടെ വികാരം ഗ്രൂപ്പ് കളിക്കുന്ന നേതാക്കള്‍ക്കൊപ്പമില്ല എന്നതും ദേശീയ നേതൃത്വത്തിനും അമിത് ഷായ്ക്കും ബോധ്യപ്പെട്ടുവെന്നാണ് വിവരം.
ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി താല്പര്യവുമായി മുന്നോട്ട് പോകാന്‍ കഴിയുന്ന നേതാവ് എന്നതിനാണ് കേന്ദ്രനേതൃത്വം പരിഗണന നല്‍കിയത്. എല്ലാ നേതാക്കളെയും ഒരുമിച്ച് നിര്‍ത്താവുന്ന നേതൃത്വ മികവും, ജനങ്ങള്‍ക്കിടയിലെ പൊതുസമ്മിതിയും കണക്കിലെടുത്തു. കേരളീയ സാഹചര്യത്തില്‍ പാര്‍ട്ടി കൈക്കൊള്ളേണ്ട നിലപാടുകള്‍ക്ക് ബലം പകരുന്ന നേതൃത്വം വരണമെന്ന ആവശ്യമാണ് ദേശീയ നേതൃത്വത്തിന് മുന്നില്‍ എത്തിയത്. പരിചയസമ്പന്നതക്കൊപ്പം, നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഒത്തൊരുമയോടെ നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതും കേന്ദ്രനേതൃത്വം പുതിയ പ്രസിഡണ്ട് തീരുമാനത്തില്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്
Discussion about this post