പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ അവധിയിലെത്തിയ സൈനികനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവച്ച് കൊന്നു. കേന്ദ്ര റിസര്‍വ് പൊലീസിലെ കോണ്‍സ്റ്റബില്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് അക്രമം നടന്നത്.
കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അതെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു.
നേരത്തെ ജമ്മുകശ്മീരില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയിരുന്നു. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പോലീസ് വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന മുദാസിര്‍ അഹമ്മദിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. തീവ്രവാദികളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.ഇയാളെ പിന്നീട് വിട്ടയച്ചു.
പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ കശ്മീരില്‍ ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന് ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.
Discussion about this post