ഡല്‍ഹി: ആസന്നമായ രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയസാധ്യത തേടി തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് എന്‍ഡിഎയിലും, പ്രതിപക്ഷത്തും ഏതാണ്ട് ധാരണയായി. എന്‍.സി.പി നേതാവ് വന്ദന ചവാന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആവും. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന. ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യംവെച്ചു കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. ബീഹാറില്‍ നിന്നുള്ള ജെ.ഡി.യു നേതാവ് ഹരിവംശ് നാരായണ്‍ സിങിനെ എന്‍.ഡി.എ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
245 അംഗ രാജ്യസഭയില്‍ ഉപാധ്യക്ഷനെ കണ്ടെത്താന്‍ 123 വോട്ടു വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങും അമിത് ഷായും ചൊവ്വാഴ്ച രാവിലെ കൂടിയാലോചന നടത്തി. അകാലി ദളിന്റെയും ശിവസേനയുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായാണ് വിവരം. എ.ഐ.എ.ഡി.എം.കെ യുടെയും ചന്ദ്രശേഖര റാവുവിന്റെ ടി.ആര്.എസ് ന്റെയും പിന്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കുകൂട്ടലുകള്‍ ശരിയായാല്‍ ഭരണപക്ഷത്തിന് 125 വോട്ടുകള്‍ ലഭിക്കും.
അകാലി ദള്‍ (3 സീറ്റ്), ശിവ സേന (3 സീറ്റ്), ബിജു ജനതാ ദള്‍ (9 സീറ്റ്) എന്നിവരില്‍ ആരെങ്കിലും തുണച്ചാല്‍ ജയിക്കാമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്.119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നിവരുള്‍പ്പടെയാണ് ഈ കണക്ക്. കെജ്രിവാളിന്റ എ.എ.പിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ചില അപ്രതീക്ഷിത വോട്ടുകള്‍ പ്രതിപക്ഷത്ത് നിന്ന് ലഭിക്കുമെന്നാണ് എന്‍ഡിഎ കരുതുന്നത്.എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അകാലി ദളില്‍ പ്രതിഷേധം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സീറ്റ് പ്രതീക്ഷിച്ചിരുന്ന അകാലികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തങ്ങളോട് കൂടിയാലോചനകള്‍ നടത്താത്തിയില്ല എന്നാണ് ശിവസേനയുടെ പരാതി. എന്നാല്‍ ശിവസേനയുടെ പിണക്കം മാറ്റാനായി ഉദ്ദവ് താക്കറെയെ അമിത് ഷാ ഫോണില്‍ വിളിച്ചിരുന്നു. ഇത് മഞ്ഞുരുകാന്‍ കാരണമാവുമെന്നാണ് എന്‍.ഡി.എയുടെ കണക്കുകൂട്ടല്‍.
എന്‍.സി.പിക്ക് സീറ്റ് വിട്ടു നല്‍കിയതിലൂടെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായ വിശാല സഖ്യം യാഥാര്‍ത്ഥ്യമാവാന്‍ തങ്ങള്‍ എന്തുവിട്ടുവീഴ്ച്ചക്കും തയ്യാറാവുമെന്ന സൂചന നല്‍കിയിരിക്കയാണ് കോണ്‍ഗ്രസ്. എന്നിട്ടും ജയിക്കാനായില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയാകും. അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു.
Discussion about this post