തിരുവനന്തപുരം:ലോട്ടറി നറുക്കെടുപ്പ് നേരിട്ട് ജനങ്ങളിലെത്തിക്കാന്‍ തല്‍സമയം സംപ്രേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ .എന്നാല്‍ സംപ്രേക്ഷണാവകാശംപാര്ട്ടി ചാനലിന് മാത്രം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഫലം കാത്തിരിക്കാതെ അപ്പപ്പോള്‍ അറിയിക്കുക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വരുന്ന 17ന് ആണ് മൂന്നു സുപ്രധാന മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്.
വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന 365 നറുക്കെടുപ്പുകളാണ് ചിങ്ങം ഒന്നു മുതല്‍ ഗോര്‍ഖി ഭവനിലെ വാടകയ്ക്കെടുത്ത സ്റ്റുഡിയോയിലേക്കു മാറ്റുന്നത്. മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തിച്ചു തല്‍സമയം സംപ്രേഷണം ചെയ്യാനാണു തീരുമാനം. രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും നവീകരണ പദ്ധതിയുടെ ഭാഗമായി എത്തിച്ചിട്ടുണ്ട്. മുന്‍പ് ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രം ഉപേക്ഷിക്കും. പുതിയ യന്ത്രത്തിനും സ്റ്റുഡിയോയ്ക്കുമായി ഒന്നേ മുക്കാല്‍ കോടി രൂപയാണു സര്‍ക്കാര്‍ ചെലവിടുന്നത്.
വര്‍ഷങ്ങളായി ശ്രീചിത്ര പൂവര്‍ ഹോമിലാണു കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിക്കുന്ന നറുക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലു മണിയാകും. നാലരയോടെ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും പിറ്റേന്നു പത്രങ്ങളിലും ഫലം പ്രസിദ്ധീകരിക്കും. പുതിയ മെഷീനില്‍ അര മണിക്കൂര്‍കൊണ്ടു നറുക്കെടുപ്പ് പൂര്‍ത്തിയാക്കാം. ഫലം തല്‍സമയം കാണുകയും ചെയ്യാം. ഇപ്പോഴുള്ള യന്ത്രത്തിന്റെ പരിമിതി കാരണം 10 സീരീസുകളിലാണ് ഇപ്പോള്‍ നറുക്കെടുപ്പ് നടത്താന്‍ കഴിയുക. ഇനി 12 സീരീസ് വരെ സാധ്യമാകും. സിഡിറ്റിന്റെ നേതൃത്വത്തിലാണു പരിഷ്കാരം നടപ്പാക്കുന്നത്.
Discussion about this post