എറണാകുളം : 2024 മെയ് 30-നോ അതിനുമുമ്പോ ആയി പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപ്പര്യ ഹർജിയിൽ കൗണ്ടർ ഫയൽ ചെയ്യാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് കേരള ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എ ജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും വിഷയം 2024 ജൂൺ 3 ന് പോസ്റ്റ് ചെയ്യാനും നിർദ്ദേശിച്ചു.
വലിയ തോതിലുള്ള മലിനീകരണം കാരണം നദിയുടെ നിറം മാറുകയും വൻതോതിൽ മത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്തതിനെ തുടർന്ന് പെരിയാറിൻ്റെ തീരത്ത് താമസിക്കുന്ന പത്രപ്രവർത്തകനായ കെഎസ്ആർ മേനോൻ 2020 ൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.
മലിനീകരണവും മൽസ്യകൊലയും സംബന്ധിച്ച പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിഷയം പരാമർശിക്കുകയും ഇന്ന് അടിയന്തര ലിസ്റ്റിംഗ് നടത്താൻ നിർദേശിക്കുകയും ചെയ്തു.
നദീതീരത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും മത്സ്യസമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്ന മലിനീകരണ പ്രശ്‌നം പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു കഴിയുന്നില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കുര്യാക്കോസ് വർഗീസ് കോടതിയെ ബോധിപ്പിച്ചു. തീരദേശത്തെ മത്സ്യകർഷകരെയും മലിനീകരണം നേരിട്ട് ബാധിച്ചിട്ടുണ്ട്.
മൺസൂൺ ആരംഭിക്കുമ്പോൾ, നദിക്കരയിലുള്ള വ്യവസായശാലകൾ മാലിന്യങ്ങൾ വെള്ളത്തിലേക്ക് പുറന്തള്ളുന്നുണ്ടെന്നും, ഇത് വ്യവസായങ്ങളുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ബോർഡും ചീഫ് എൻജിനീയറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) പ്രസിഡൻറ് കൂടിയായ മേനോന്‍, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നദികൾക്ക് പുതുജീവന് ലഭിക്കാനും വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജലസ്രോതസ്സുകൾ കാര്യക്ഷമമായി നിരീക്ഷിക്കാനും സംരക്ഷിക്കാനും പോലീസ് അധികാരമുള്ള ജല സംരക്ഷണ സേന വേണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു
Discussion about this post