തെലങ്കാനയില്‍ നടക്കുന്നത് കുടുംബ ഭരണമാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. “നിങ്ങളുടെ കുടുംബ ഭരണത്തെക്കാള്‍ നല്ലത് ഞങ്ങളുടേത് തന്നെ,” റാവു പറഞ്ഞു. തെലങ്കാനയില്‍ ഒരു കുടുംബം മാത്രമാണ് ഭരിക്കുന്നതും ലാഭം കൊയ്യുന്നതും എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
താന്‍ കുടുംബ ഭരണത്തിനെതിരല്ലെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നില്‍ തല കുനിച്ചിരിക്കുന്നത് അടിമത്വ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ തെലങ്കാന സന്ദര്‍ശനം തെലങ്കാന രാഷ്ട്ര സമിതി നേതാക്കളില്‍ ഭീതി ഉളവാക്കിയെന്ന രാഹുലിന്റെ വാദത്തിനെതിരെയും റാവു സംസാരിച്ചു. “ഞങ്ങള്‍ എന്തിന് പേടിക്കണം. എല്ലാ നേതാക്കന്മാരെപ്പോലെ രാഹുലും വരും, റാലികളില്‍ പങ്കെടുക്കും, പോകും. എനിക്ക് രാഹുലിനോട് പക്വത കുറച്ച് വര്‍ധിപ്പിക്കാന്‍ മാത്രമെ പറയാനുള്ളു,” റാവു പറഞ്ഞു.
രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണെന്നും റാവു ചൂണ്ടിക്കാട്ടി. ടി.ആര്‍.എസ് പാര്‍ട്ടി 22 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് രാഹുല്‍ പറഞ്ഞെന്നും അത് തെറ്റാണെന്നും റാവു പറഞ്ഞു. സത്യത്തില്‍ 2 ലക്ഷത്തില്‍ പരം വീടുകള്‍ മാത്രമാണ് തങ്ങളുടെ പാര്‍ട്ടി നിര്‍മ്മിക്കാമെന്ന് ഏറ്റിട്ടുള്ളതെന്നും അതില്‍ ഭൂരിഭാഗവും നിര്‍മ്മിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാ പ്രദേശ് സ്വദേശികള്‍ക്കായി കോണ്‍ഗ്രസ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ നീക്കം ഭിന്നിപ്പിക്കുന്ന ഒന്നാണെന്ന് റാവു അഭിപ്രായപ്പെട്ടു. തങ്ങള്‍ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ അന്യ സംസ്ഥാന ജനങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണെന്നും ഇതില്‍ പലരെയും തങ്ങളുടെ പാര്‍ട്ടി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ചിട്ടുണ്ടെന്നും റാവു ചൂണ്ടിക്കാട്ടി.
Discussion about this post