മുല്ലപ്പെരിയാറിലെയും വൃഷ്ടിപ്രദേശങ്ങളിലെയും വെള്ളം കൂടിയെത്തിയതിനാല്‍ വൈഗാ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഇതിന് മുന്നോടിയായി നദിയുടെ കരയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
120 ദിവസത്തോളം അണക്കെട്ട് തുറന്ന് വെക്കാനാണ് തീരുമാനം. ഇതിലൂടെ വലിയ പെരിയാര്‍, തിരുമംഗലം മെയിന്‍ കനല്‍ എന്നീ സ്ഥലങ്ങളില്‍ ജലസേചനം നടത്താമെന്ന് തമിഴ്നാട് പ്രതീക്ഷിക്കുന്നു. വൈഗാ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി വേണ്ടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് കൊണ്ട് വരണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഇതും വൈഗ ഡാം തുറക്കുന്നതിന് കാരണമായിട്ടുണ്ട്.
വൈഗാ അണക്കെട്ടില്‍ നിലവില്‍ 66 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 71 അടിയാണ്. പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഭവാനി, കൊമരണപാളയം, പള്ളിപ്പാലയം, കറുങ്കല്‍പാളയം തുടങ്ങിയ പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.
Discussion about this post