മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടമ്മയേയും മൂന്നു മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ വ്യാജ സിദ്ധന് പുളിയംപറമ്പ് പൂക്കുലക്കണ്ടി അബ്ദുറഹിമാന് തങ്ങള്‍ അറസ്റ്റിലായി. അയല്‍വാസിയായ വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതായ കേസിലാണ് ഈ മുപ്പത്താറു വയസ്സുകാരനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ സ്ത്രീ പീഡനം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, മനുഷ്യക്കടത്ത്, പോക്സോ നിയമങ്ങള്‍ പ്രകാരം കേസെടുത്തു.
കോഴിക്കോട് ജില്ലക്കാരനാണെന്നും പത്താം ക്ലാസ് പോലും പാസാവാതെ വ്യാജസിദ്ധനായി മലപ്പുറത്തു വന്നു വിലസുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. തങ്ങള്‍ കുടുംബാംഗമാണ് എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
കൊണ്ടോട്ടി കരിപ്പൂര്‍ പുളിയംപറമ്പില്‍ ഭാര്യയും അഞ്ചു കുട്ടികളും മാതാവും ഒന്നിച്ചാണ് അബ്ദുറഹിമാന് താമസിക്കുന്നത്. വീട്ടില്‍ ഇയാള്‍ ആത്മീയ ചികിത്സയും പ്രാര്‍ത്ഥനായോഗങ്ങളും നടത്തിയിരുന്നു. വീടിന്റെ മുകളിലാണ് എല്ലാം. ഇവിടെ കഅ്ബയുടെ രൂപവും കുബ്ബയുമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. ഈ കാലയളവിലാണ് വയറുവേദനയ്ക്ക് ചികിത്സ തേടി വീട്ടമ്മ ഇയാളെ സമീപിക്കുന്നത്. ആത്മീയസിദ്ധി പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ പിന്നീട് യുവതിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി മാറുകയായിരുന്നു. യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും വശീകരിച്ച് വീട്ടില്‍ നിന്ന് കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മകളെയും പീഡിപ്പിക്കുകയും ചെയ്തു.തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ എന്‍ജിനീയറാണ് ഇയാളുടെ സഹായി. ഈ സാഹായിയും ഇവരെ പീഡിപ്പിച്ചിട്ടുണ്ട്.
സിദ്ധനെ അനുസരിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ ബിസിനസ് നഷ്ടത്തിലാവുമെന്നും മാറാരോഗങ്ങള്‍ പിടിപെടുമെന്നുമാണ് സഹായിയുടെ ഭീഷണി. ഇവരെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മെയ് 21ന് യുവതിയെയും മക്കളെയും ട്രെയിനില്‍ കോഴിക്കോട് എത്തിക്കുകയായിരുന്നു. പിടികൂടുമെന്ന് മനസ്സിലാക്കിയ സിദ്ധനും കൂട്ടാളികളും നാടു വിടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ചികിത്സയും മറ്റു കാര്യങ്ങളുമെല്ലാം കരിപ്പൂരിലെ സ്വന്തം വീട്ടിലാണ്. ഇദ്ദേഹത്തിനു ഇവിടെ വീടു വെക്കാന്‍ സ്ഥലമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത് ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട യുവതിയുടെ കുടുംബം തന്നെയാണ്. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പിലായിരുന്നു ഇയാളുടെ ആദ്യം താമസം. പിന്നീടാണ് പുളിയംപറമ്പിലേക്ക് മാറിയത്.
Discussion about this post