തിരുവനന്തപുരം: പ്രളക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിഭവസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുറംരാജ്യങ്ങളിലെ പ്രവാസി മലയാളികളില്‍നിന്ന് കൂടുതല്‍ സമാഹരണത്തിനായി മന്ത്രി ഉദ്യോഗസ്ഥ തലത്തിലുള്ള സംഘം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഒക്ടോബര്‍ മാസത്തിലായിരിക്കും സന്ദര്‍ശനം. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാന്‍, ബഹ്റിന് സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്. എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനു മുന്നോടിയായി സപ്തംബര്‍ 3ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഇ. ചന്ദ്രശേഖരന്,കണ്ണൂര്‍- ഇ.പി. ജയരാജന്, കെ.കെ. ശൈലജ,വയനാട-് രാമചന്ദ്രന് കടന്നപ്പള്ളി
കോഴിക്കോട്- ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്,മലപ്പുറം- കെ.ടി. ജലീല്‍, പാലക്കാട-് എ.കെ. ബാലന്,തൃശ്ശൂര്‍- സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍,എറണാകുളം- എ.സി. മൊയ്തീന് ( ഇ.പി ജയരാജന് സഹായിക്കും),ഇടുക്കി- എം.എം. മണി, കോട്ടയം- തോമസ് ഐസക്, കെ. രാജു, ആലപ്പുഴ- ജി. സുധാകരന്, തിലോത്തമന്,പത്തനംതിട്ട- മാത്യു ടി തോമസ്, കൊല്ലം- മേഴ്സിക്കുട്ടിയമ്മ,തിരുവനന്തപുരം -കടകംപള്ളി സുരേന്ദ്രന്-എന്നിവര്‍ക്കാണ് ചുമതല.
പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്കാന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു.
Discussion about this post