സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പരാതി കാരാട്ട് പക്ഷത്തെ അടിക്കാനുള്ള വടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സീതാറം യെച്ചൂരി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ യെച്ചൂരിയെ തള്ളി പോളിറ്റ് ബ്യൂറോ രംഗത്തെത്തി.
നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനുനിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു പി.ബി പറഞ്ഞത്. ഇത് വ്യക്തമാക്കി പത്കക്കുറിപ്പും ഇറക്കിയിരുന്നു. മാസങ്ങള്‍ക്കുമുമ്പു തന്നെ എം.ചന്ദ്രന്‍, എം.ബി. രാജേഷ് തുടങ്ങിയ നേതാക്കള്‍ക്ക് വനിതാ നേതാവ് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഓഗസ്റ്റ് 14ന് പി.ബി അംഗം ബൃന്ദാ കാരാട്ടിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ യെച്ചൂരിക്ക് പരാതി ലഭിക്കുന്നത് തിങ്കളാഴ്ചയാണ്. നേരത്തെ പരാതി ലഭിച്ചിട്ടും പി.ബിയെ അറിയിക്കാത്ത വൃന്ദാ കാരാട്ടിന്റെ നടപടിയെ യെച്ചൂരി വിമര്‍ശിച്ചു.
അതേസമയം പരാതിയില്‍ പാര്‍ട്ടി അന്വേഷണം തുടങ്ങിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മൂന്നാഴ്ച മുമ്പായിരുന്നു പരാതി ലഭിച്ചത്. അന്വേഷണം നടത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. കൂടാതെ പരാതി പോലീസിന് കൊടുക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post