തന്റെ കുടുംബം പാര്‍ട്ടി കുടുംബമായിരുന്നിട്ടും പാര്‍ട്ടി തങ്ങളുടെ കൂടെ നിന്നില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് മോശമായി പെരുമാറി എന്ന് പരാതി നല്കിയ പെണ്‍കുട്ടി. താന്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചുവെന്ന് പാര്ട്ടിയിലുള്ളുവര് തന്നെ ആരോപിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. പാര്‍ട്ടി പരാതിയില്‍ നടപടിയെടുക്കാത്തതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
താന്‍ മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഒരു കോച്ചിങ് സെന്റര്‍ ഉള്ള വിവരം ജീവന്‍ലാല്‍ വഴി അറിഞ്ഞതെന്ന് പെണ്‍കുട്ടി പറഞ്ഞു. എം.എല്‍.എയുടെ പി.എയുടെ മകള്‍ അവിടെയാണ് പഠിക്കുന്നതെന്നും എം.എല്‍.എ പ്രവേശനം ശരിയാക്കിത്തരുമെന്നും ജീവന്‍ലാല്‍. തുടര്‍ന്ന് ജീവന്‍ലാലിന്റെ ഒപ്പം പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് ജീവന്‍ലാലിന് ഒരു കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.
പ്രവേശനത്തിന്റെ കാര്യം ശരിയാക്കി. ഒരു ദിവസം കൊണ്ട് മടങ്ങാനായിരുന്നു പെണ്‍കുട്ടിയുടെ പദ്ധതി. എന്നാല്‍ ജീവന്‍ലാലിന് ഏതോ പേപ്പറുകള്‍ ശരിയാക്കാനുള്ളതിനാല്‍ ഒരു ദിവസം കൂടി പെണ്‍കുട്ടിക്ക് തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നു. എം.എല്‍.എ ഹോസ്റ്റലിലായിരുന്നു തങ്ങിയിരുന്നത്.
11ന് രാവിലെ തിരിച്ച് പോരുന്ന നേരത്ത് ജീവന്‍ലാല്‍ തന്റെ മുറിയില്‍ കയറി കതകടച്ചെന്നും തന്നെ തള്ളി കിടക്കയിലിടാന് ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ചെറുത്ത് നിന്നതോടെ ജീവന്‍ലാല്‍ മാപ്പ് പറയാന്‍ തുടങ്ങിയെന്നും കരയാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐയിലെ മറ്റൊരു പെണ്‍കുട്ടിക്കും സമാനമായ അനുഭവം ഉണ്ടായെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. ഈ കുട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് വിഷയം പാര്‍ട്ടിയിലെത്തിയത്.
എന്നാല്‍ പാര്‍ട്ടി ജീവന്‍ലാലിനെതിരെ നടപടിയെടുക്കാതിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയെങ്കിലും ജീവന്‍ലാല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. പാര്‍ട്ടി കുടുംബമായിരുന്നിട്ടും ആരും തന്നെ സഹായിച്ചില്ലെന്നും താന്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചെന്നും ചിലര്‍ ആരോപിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പാര്‍ട്ടി നടപടിയെടുക്കാത്തതിനാലാണ് നിയമപരമായി മുന്നോട്ട് നീങ്ങിയിരിക്കുന്നത്.
Discussion about this post