കോട്ടയം: സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെപേരില്‍, ജില്ലാ പഞ്ചായത്തംഗമായ വനിത നേതാവിനെ സി.പി.എം. തരംതാഴ്ത്തിയെന്ന് ആരോപണം.
വെള്ളൂര്‍ ഡിവിഷനില്‍നിന്നുള്ള അംഗവും ചെമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രസിഡന്റുമായ കല മങ്ങാട്ടിനെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. കലയുടെ പോസ്റ്റിന് താഴെ അനുകൂലമായി കമന്റിട്ട ലോക്കല്‍ കമ്മിറ്റി അംഗം വി.പി.അജിമോനെയും തരംതാഴ്ത്തിയിട്ടുണ്ട്.
തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ പ്രമുഖനേതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യംചെയ്തതാണ് നടപടിയെടുക്കാന്‍ കാരണമായെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം. കലയെ
കാര്യമായ വിശദീകരണംപോലും തേടാതെ കലയെ മറവന്‍തുരുത്ത് ബ്രാഞ്ചിലേക്കു തരംതാഴ്ത്തുകയായിരുന്നു. അജിമോനെ ആലുംചുവട് ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്.
വെള്ളൂരില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും, താമസസ്ഥലമായ മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റിയിലാണ് കല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ ഇവര്‍ ഔദ്യോഗികപാനലിനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍, മത്സരിച്ചുതോറ്റതിലുള്ള വിരോധംമൂലം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടത്തുകയാണെന്നായിരുന്നു നേതൃത്വത്തിന്റെ ആരോപണം. ഇക്കാര്യം ഇവര്‍ നിഷേധിക്കുകയും, വിശദീകരണം നല്‍കുകയുംചെയ്തു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഏരിയാനേതൃത്വം ഇടപെട്ട് പ്രശ്‌നം മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യിക്കുകയായിരുന്നു.ഏരിയാ കമ്മിറ്റിയുടെ വരവുചെലവു കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ഏരിയാ കമ്മിറ്റിയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, നേതൃത്വം ഇതു ചര്‍ച്ചചെയ്യാന്‍ തയ്യാറായില്ല. ഇതിനു പിന്നാലെ, ഏരിയാ നേതാവിന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറവന്‍തുരുത്തില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്കു പരാതികള്‍ അയച്ചിരുന്നു. ഇതുസംബന്ധിച്ചു യാതൊരു ചര്‍ച്ചയും നടത്താന്‍ തയ്യാറാകാത്ത നേതൃത്വം, ജില്ലാ പഞ്ചായത്തംഗമടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കുകയാണുണ്ടായതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം നടപടിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് കല പറഞ്ഞു.
Discussion about this post