ജമ്മു കശ്മീരില്‍ ‘സ്മാര്‍ട്ട്’ അതിര്‍ത്തി പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുടക്കം കുറിച്ചു. സി.ഐ.ബി.എം.എസിന്റെ കീഴില്‍ പരീക്ഷണാര്‍ത്ഥമായാണ് രണ്ട് പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ അദ്ദേഹം സന്ദര്‍ശനവും നടത്തി.
‘സ്മാര്‍ട്ട്’ അതിര്‍ത്തി പദ്ധതിയുടെ കീഴില്‍ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചായിരിക്കും അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നത്. മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത പ്രദേശങ്ങളില്‍ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചായിരിക്കും കാവല്‍ ഏര്‍പ്പെടുത്തുക. ഇതുപയോഗിച്ച് ഭൂമിയിലും, വായുവിലും, ജലത്തിലും നിരീക്ഷണം സാധിക്കുന്നതായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 5.5 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ‘സ്മാര്‍ട്ട്’ അതിര്‍ത്തി കൊണ്ടുവരിക.
ഇത് മൂലം നുഴഞ്ഞ് കയറ്റം തടയുന്നതില്‍ ബി.എസ്.എഫിന് വലിയ സഹായം ലഭിക്കുമെന്നാണ് വാദം. റഡാറുകളും സോണാറുകളും ഇന്‍ഫ്രാ റെഡ് രശ്മികളും അടങ്ങുന്നതാണ് ‘സ്മാര്‍ട്ട്’ അതിര്‍ത്തി പദ്ധതി.
സമാന രീതിയിലുള്ള ഒരു പദ്ധതി അസമിലും നടപ്പിലാക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post