തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ ചോദ്യം ചെയ്തു. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയരാജനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകനായ കെ. വിശ്വന്, സിപിഎം സംസ്ഥാനസമിതിയംഗം എം.വി ജയരാജന് തുടങ്ങിയവര്‍ക്കൊപ്പമാണ് പി. ജയരാജന് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയത്. ഒരു മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ട് നിന്നു.
നേരത്തേ, അന്വേഷണ സംഘം പ്രത്യേകം നോട്ടീസ് നല്കി ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മനോജ് വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ജയരാജനെ ചോദ്യം ചെയ്യുന്നത്. നേരത്തെ മനോജ് വധത്തിലെ ആദ്യഘട്ട അന്വേഷണം സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം രണ്ടാം ഘട്ടത്തിലാണ് വധത്തില്‍ സിപിഎം നേതാക്കളുടെ ഗുഢാലോചന അന്വേഷിയ്ക്കുന്നത്.
സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്റെ അറിവോടെയല്ലാതെ ആര്‍എസ്എസിലെ പ്രമുഖ നേതാവിനെതിരെ ആക്രമണം നടക്കില്ലെന്നാണ് നിഗമനം. എന്നാല്‍ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സിപിഎം ജില്ല നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ വരും ദിവസങ്ങളില്‍ സിബിഐ ചോദ്യം ചെയ്യും.
Discussion about this post