രാജ്യത്ത് റാഫേല്‍ കരാറിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാണംകെട്ട ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. പത്ത് വര്‍ഷം ലഭിച്ചിട്ടും കോണ്‍ഗ്രസിന് നടപ്പിലാക്കാന്‍ കഴിയാതെ പോയ കരാറിനെപ്പറ്റിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
റാഫേല്‍ കരാര്‍ റദ്ദാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അവര്‍ നടപ്പാക്കാതിരുന്ന കരാറിലെ അടിസ്ഥാനവില ഉയര്‍ത്തിക്കാട്ടുകയാണെന്ന് അവര്‍ ആരോപിച്ചു. 2007ല്‍ കരാറിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നപ്പോള്‍ അടിസ്ഥാന വിലയായി 526 കോടി രൂപയാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും ഈ തുക ഓരോവര്‍ഷവും മൂന്നു ശതമാനം വര്‍ധിക്കുമെന്ന കാര്യത്തെപ്പറ്റി അവര്‍ സംസാരിക്കുന്നില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ച അടിസ്ഥാന വിലയേക്കാള്‍ ഒന്‍പതു ശതമാനം കുറഞ്ഞ തുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
ഇത് കൂടാതെ ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ ചട്ടങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2005 മുതല്‍ 2013 വരെ ഓഫ്‌സെറ്റ് ചട്ടങ്ങള്‍ നിരന്തരം പരിഷ്‌കരിച്ചത് യൂ.പി.എ സര്‍ക്കാരാണെന്നും അവര്‍ വിശദീകരിച്ചു. പരിഷ്‌കരിച്ച ചട്ടപ്രകാരം ഓഫ്‌സെറ്റ് നടപടിക്രമങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷമോ, നടപടിക്രമങ്ങള്‍ അവസാനിക്കുമ്പോഴോ ആണു പ്രതിരോധ മന്ത്രാലയം അക്കാര്യം പരിശോധിക്കേണ്ടത്. സ്വകാര്യ കമ്പനികളെയും പങ്കാളിയാക്കാമെന്ന് യു.പി.എ രൂപം നല്‍കിയ ഓഫ്‌സെറ്റ് ചട്ടം വ്യക്തമാക്കുന്നുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
അതേസമയം എച്ച്.എ.എല്ലിനെ എന്‍.ഡി.എ സര്‍ക്കാര്‍ തഴഞ്ഞില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യു.പി.എ ഭരിച്ച പത്തുവര്‍ഷം ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികളാണു പ്രതിവര്‍ഷം എച്ച്.എ.എല്ലിനു ലഭ്യമാതെന്നും നാലര വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ പദ്ധതികളാണ് എന്‍.ഡി.എ പ്രതിവര്‍ഷം നല്‍കിയതെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. എന്നാല്‍ എച്ച്.എ.എല്ലുമായി കരാര്‍ ഉറപ്പിച്ചിരുന്നുവെന്നു പറയാന്‍ രേഖകളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി കള്ളനാണെന്ന് കോണ്‍ഗ്രസ് ആരോപണം നടത്തുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും അവര്‍ എക്കാലവും അത്തരം ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. അതേസമയം ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഒലാന്ദ് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പത്ത് വര്‍ഷം ഭരിച്ചിട്ടും ഇന്ത്യയ്ക്ക് വേണ്ടത്ര വിമാനങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത കോണ്‍ഗ്രസാണ് എന്‍.ഡി.എ സര്‍ക്കാര്‍ എന്ത് കൊണ്ട് 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ മാത്രം വാങ്ങുന്നുവെന്ന് ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ക്ക് ഈ വര്‍ഷമാദ്യം തുടക്കമിട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post