ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ നടത്തിയ അനൗദ്യോഗിക യോഗത്തില്‍ നിന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാതിവഴി ഇറങ്ങിപ്പോയി. സുഷമാ സ്വരാജ് തന്റെ പ്രസംഗത്തിന് ശേഷമാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
യോഗത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയും പങ്കെടുത്തിരുന്നു. യോഗത്തിന്റെ അധ്യക്ഷത സ്ഥാനം വഹിച്ചത് നേപ്പാളിന്റെ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലിയായിരുന്നു.
താന്‍ സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും അവര്‍ ഇറങ്ങിപ്പോയത് അവര്‍ക്ക് സുഖമില്ലാത്തത് കൊണ്ടായിരിക്കുമെന്നും മഹ്മൂദ് ഖുറേഷി പറഞ്ഞു.
അതേസമയം യോഗങ്ങളില്‍ നിന്നും തന്റെ രാജ്യത്തിന്റെ പ്രസ്താവനകള്‍ പറഞ്ഞതിന് ശേഷം ഇറങ്ങിപ്പോകുന്നത് സാധാരണമാണെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. സുഷമാ സ്വരാജ് കൂടാതെ അഫ്ഗാനിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും വിദേശകാര്യ മന്ത്രിമാരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന് അവര്‍ വ്യക്തമാക്കി. സുഷമാ സ്വരാജ് പോയെങ്കിലും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഘലെ യോഗത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്ത്യ കഴിഞ്ഞ ആഴ്ച റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ മൂന്ന് പോലീസുകാരെ പാക്കിസ്ഥാന്‍ വധിച്ചതിലും കശ്മീരിലെ തീവ്രവാദി ബുര്‍ഹാന്‍ വാനിയുടെ പേരില്‍ സ്റ്റാമ്പിറിക്കിയതിലും പ്രതിഷേധിച്ചാണ് ഇന്ത്യ കൂടിക്കാഴ്ച റദ്ദാക്കിയത്.
Discussion about this post