ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്കാരമായ ‘യു.എന്‍.ഇ.പി ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ എന്ന പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടേരാസില് നിന്നും ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങലാണ് മോദി പുരസ്കാരം വാങ്ങിയത്.
കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഏവരുടെയും നിലനില്‍പ്പിനെ ബാധിക്കുന്ന ഒന്നാണെന്ന് മോദിക്കറിയാമെന്നും ഇതിനെതിരെ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാമെന്നും അന്റോണിയോ പുരസ്കാര ദാന ചടങ്ങില്‍ പറഞ്ഞു. മറ്റ് നേതാക്കന്മാര്ക്കും ഇതേപ്പറ്റി അറിവുണ്ടെങ്കിലും അവര്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലായെന്നും ഗുട്ടേരാസ് ചൂണ്ടിക്കാട്ടി.
ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന് നേതൃത്വം വഹിച്ചതിനും 2022ഓടെ ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇല്ലാതാക്കാനുമുള്ള പ്രവൃത്തിക്കും വേണ്ടിയാണ് മോദിക്ക് പുരസ്കാരം ലഭിച്ചത്.
ഇത്തവണ പുരസ്കാരം നല്‍കിയത് വളരെ നൂതനവും, ധീരവുമായ രീതിയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിട്ടവര്ക്കാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന് വേണ്ടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രവര്‍ത്തിച്ചിരുന്നു. മോദിക്ക് പുറമെ മറ്റ് അഞ്ച് പേര്‍ക്ക് ഇത്തവണ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അതേസമയം മലയാളികള്‍ക്ക് അഭിമാനത്തിന് വകയൊരുക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച സംരഭകത്വ വീക്ഷണത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇത് സുസ്ഥിര ഊര്‍ജത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് നല്‍കിയത്. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തി സൗരോര്‍ജ്ജമാണ് ഉപയോഗിക്കപ്പെടുന്നത്.
എല്ലാ കൊല്ലവും നല്കുന്ന പുരസ്കാരമാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്കാരങ്ങള്‍. ഇത് സര്‍ക്കാര്‍ തലത്തിലും സര്‍ക്കാര്‍ ഇതര തലത്തിലുമുള്ളവര്‍ക്ക് നല്‍കുന്നതാണ്.
Discussion about this post