കുടുംബത്തിലെ ഒരംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് സ്വന്തം സമുദായം തന്നെ പിന്തുണച്ചില്ലായെന്ന് ചൂണ്ടിക്കാട്ടി പതിമൂന്നംഗ മുസ്ലീം കുടുംബം ഹിന്ദുമതത്തിലേക്ക് മാറി. ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ബാഗ്പത്തില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഇവര്‍ ഹിന്ദുമതം സ്വീകരിച്ചത്.
ഉത്തര്‍പ്രദേശിലെ ബദര്‍ഖ ഗ്രാമത്തില്‍ താമസിക്കുന്ന ഈ കുടുംബത്തിലെ ഇരുപത്തിരണ്ടുകാരനായിരുന്ന ഗുല്‍ഷന്‍ എന്ന യുവാവ് 2017 ജൂലായില്‍ മരണപ്പെട്ടിരുന്നു. ഇത് ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞെങ്കിലും കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. എന്നാല്‍ ഇവരുടെ വാദത്തിന് ആരും തന്നെ പിന്തുണ നല്‍കിയില്ല. ഗ്രാമവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാല്‍ ഇവര്‍ മതം മാറുകയായിരുന്നു. പുതിയ സമുദായത്തില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവര്‍ മതംമാറ്റം നടത്തുന്നതെന്ന് കുടുംബം വ്യക്തമാക്കി.
മരിച്ച ഗുല്‍ഷന്‍ ഗ്രാമത്തില്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ ഒരു തുണിക്കട തുടങ്ങിയിരുന്നു. ഈ തുണിക്കടയില്‍ വെച്ച് തന്നെയായിരുന്നു ഗുല്‍ഷന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് എതിരാളികള്‍ കൊന്നതാണെന്ന സംശയം കുടുംബാംഗങ്ങള്‍ പ്രടിപ്പിച്ചിരുന്നു. ഗുല്‍ഷന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായിട്ടാണ് വീട്ടുകാര്‍ പറയുന്നത്.
മരണത്തെത്തുടര്‍ന്ന് നവാഡയിലെ നാലു പേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയുണ്ടായി. എന്നാല്‍ കേസില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലക്നൗവിലെ വിദഗ്ദ്ധര്‍ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഗുല്‍ഷന്റെ കുടുംബം വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നാണ് ഗ്രാമത്തലവന് സര്‍വാര്‍ റാണ പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു തങ്ങള്‍ മതം മാറുകയാണെന്നറിയിച്ച് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന് കുടുംബം സത്യവാങ്മൂലം നല്‍കിയത്. സ്വമേധയാ ആണ് തങ്ങള്‍ മതം മാറുന്നതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post