സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വേണ്ടി ജേര്‍ണലിസം , പ്രൂഫ് റീഡിംഗ് കോഴ്സുകള്‍ തുടങ്ങാനൊരുങ്ങി മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റ് .
രാജ്യത്ത് ആദ്യമായിട്ടാവും ഇത്തരത്തിലുള്ള കോഴ്സ് ജയിലില്‍ തുടങ്ങുന്നതെന്ന് നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പറഞ്ഞു . തടവുകാര്‍ക്ക് മാധ്യമരംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കുന്നതിനെ ലക്ഷ്യമിട്ടാണ് കോഴ്സ് തുടങ്ങുന്നതെന്ന് പി.ടി.ഐ വാര്‍ത്താ എജെന്സിയോട് വ്യക്തമാക്കി . ഒക്ടോബര്‍ 15 നു ക്ലാസ് തുടങ്ങും .
മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്സ് തുടങ്ങുന്നത് . ആദ്യബാച്ചിലേക്ക് 20 തടവുകാരെ ജയില്‍ അധികൃതരുടെ സഹായത്തോടെ നവജീവന്‍ തിരഞ്ഞെടുത്തു കഴിഞ്ഞു .
ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും . ഒരാഴ്ചയില്‍ മൂന്ന് ദിവസമാണ് കോഴ്സ് . മാധ്യമരംഗത്തെ പ്രമുഖരാണ് ക്ലാസ് എടുക്കുക . കോഴ്സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിംഗ് ജോലികള്‍ നല്‍കാമെന്നു പല മാധ്യമസ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു .
Discussion about this post