ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ അഫ്ഗാനിസ്താനാണെന്ന് പാകിസ്താൻ. ചാവേർ ആയി എത്തി ആക്രമണം നടത്തിയത് അഫ്ഗാൻ പൗരനാണന്നും പാകിസ്താൻ ആരോപിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു പാകിസ്താനിൽ ഭീകരാക്രമണം ഉണ്ടായത്.
പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ അഹമ്മദ് ഷാരിഫ് ആണ് അഫ്ഗാനിസ്താനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ഭീകരാക്രമണം ആസൂത്രണം ചെയ്തത് അഫ്ഗാനിസ്താൻ ആണെന്ന് അഹമ്മദ് ഷാരിഫ് പറഞ്ഞു. ഭീകരാക്രമണത്തിനായി ഉപയോഗിച്ച കാർ നിർമ്മിച്ചത് അഫ്ഗാനിസ്താനിലാണ്. ഭീകരാക്രമണത്തിന് ചാവേർ ആയതും അഫ്ഗാൻ പൗരനാണ്.
29,000 ചൈനീസ് പൗരന്മാരാണ് പാകിസ്താനിൽ ഉള്ളത്. ഇതിൽ 2,500 പൗരന്മാർ സിപിഇസി പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 5,500 പൗരന്മാർ മറ്റ് പദ്ധതികളിൽ പ്രവർത്തിക്കുന്നു. ഇവർക്ക് സുരക്ഷയൊരുക്കുകയാണ് പാകിസ്താന്റെ പ്രധാന പരിഗണനയെന്നും ഷാരിഫ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം വഷളാവുകയാണ്. ഭീകരരെ നിയന്ത്രിക്കാൻ കാബൂളിന് കഴിയുന്നില്ലെന്നും ഷാരിഫ് ആരോപിച്ചു.
മാർച്ച് 26 നായിരുന്നു പാകിസ്താനിൽ ചാവേർ ആക്രമണം ഉണ്ടായത്. ഖൈബർ പക്തുൻക്വയിലായിരുന്നു ആക്രമണം ഉണ്ടായത്. അഞ്ച് ചൈനീസ് പൗരന്മാർ ഉൾപ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്.











