ന്യൂഡൽഹി : ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യ കടത്ത് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സിബിഐ യൂണിറ്റ് ആണ് കേസിലെ പ്രതികളെ പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ള പ്രതികൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ മൂന്ന് മലയാളികൾ അടക്കം 19 പ്രതികളാണ് ഉള്ളത്.
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തടക്കം സിബിഐ അന്വേഷണം നടത്തിവന്നിരുന്നു. നേരത്തെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡൽഹി അടക്കമുള്ള 13 സംസ്ഥാനങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. നിലവിൽ കഠിനകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് സിബിഐ ഈ കേസിന്റെ അന്വേഷണം നടത്തുന്നത്. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്റ്മാർ വഴി തിരുവനന്തപുരത്തുനിന്ന് അടക്കം നിരവധി യുവാക്കൾ ചതിയിൽപ്പെട്ട് റഷ്യയിൽ എത്തപ്പെട്ടിരുന്നു. ഇവർക്ക് പിന്നീട് യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടതായി വന്നതിനെ തുടർന്നാണ് ഈ സംഭവം ചർച്ചയായിരുന്നത്.
Discussion about this post